ഇന്ത്യന്‍ എംബസിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിന് ഇരയാകരുതെന്ന് അധികാരികളുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ എംബസിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിന് ഇരയാകരുതെന്ന് അധികാരികളുടെ മുന്നറിയിപ്പ്

  • രവി കൊമ്മേരി

യു.എ.ഇ: ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ഇ-മെയിലുകളും സമൂഹമാധ്യമ അക്കൗണ്ടുകളും ഉപയോഗിച്ച് യാത്രാ തട്ടിപ്പ് നടത്തുന്നതായി അധികാരികള്‍. ഇത്തരം തട്ടിപ്പ് നടക്കുന്നതിന്റെ മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാജ വിലാസങ്ങളിലെ സന്ദേശങ്ങളില്‍ കുടുങ്ങി പ്രവാസികള്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പല കാരണങ്ങള്‍ കൊണ്ടും നാട്ടില്‍ പോകാന്‍ കഴിയാതെ വരുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിച്ച് പണം തട്ടുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ജാഗ്രത പാലിക്കാന്‍ അധികാരികള്‍ നിര്‍ദേശിച്ചത്.

ട്വിറ്ററിലെ ‘സപ്പോര്‍ട്ട് എംബസി’എന്ന പേരിലെ അക്കൗണ്ട് ഉപയോഗിച്ചും എംബസിയുടേതെന്ന് തോന്നുന്ന രീതിയിലുള്ള ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ചുമാണ് തട്ടിപ്പുകാര്‍ സന്ദേശം അയക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വാര്‍ത്തകളും ചിത്രങ്ങളും പങ്കുവച്ചാണ് ‘സപ്പോര്‍ട്ട് എംബസി ‘ പ്രവാസികളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ ശ്രമിച്ചത്. ഇത്തരം വഞ്ചനകളില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ എംബസി നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഈ അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കുറഞ്ഞ ചെലവില്‍ നാട്ടില്‍ എത്തിക്കാമെന്ന രീതിയിലുള്ള മെസ്സേജുകള്‍ അയക്കുമ്പോള്‍ പ്രവാസികള്‍ അനുകൂലമായി പ്രതികരിക്കാനിടയുണ്ട്. ഈ അവസരം മുതലെടുത്ത് പണം അടക്കാന്‍ ആവശ്യപ്പെടും. പണം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരു പ്രതികരണവും ഉണ്ടാവുകയുമില്ല. ഈ സാഹചര്യത്തിലാണ് വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസം, ട്വിറ്റര്‍ അക്കൗണ്ട്, ഫേസ്ബുക്ക് ഐ.ഡി എന്നിവ നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഉറപ്പുവരുത്തണമെന്നും എംബസി അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഇ-മെയിലുകളുടെ അവസാനം @mea.gov.in ഡോമെയിന്‍ വിലാസം ഉണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *