ഹാഫ് സെഞ്ചുറി കടന്ന് യുഎൽ ബഹിരാകാശ വെബിനാർ

ഹാഫ് സെഞ്ചുറി കടന്ന് യുഎൽ ബഹിരാകാശ വെബിനാർ

കോഴിക്കോട്: ബഹിരാകാശഗവേഷണത്തിന്റെയും പ്രപഞ്ചവിജ്ഞാനത്തിന്റെയും പുത്തൻ അറിവുകൾ ഓൺലൈനായി പകർന്ന്  കേരളത്തിൽ നിന്നൊരു വെബിനാർ പരമ്പര. ബഹിരാകാശ കുതുകികളായ വിദ്യാർഥികളുടെ കൂട്ടായ്മയായ യുഎൽ സ്പേസ് ക്ലബ്ബ് നടത്തുന്ന വെബിനാർ സീരീസ് 50 പതിപ്പുകൾ പിന്നിട്ടു. പുണെ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ ഡോ. നൈനാൻ സജീത് ഫിലിപ്പായിരുന്നു അരസെഞ്ചുറി തികച്ച സെഷനിലെ അതിഥി; വിഷയം ‘നമ്മുടെ ഏറ്റവുമടുത്ത നക്ഷത്രത്തെക്കുറിച്ചു നമുക്കെന്തറിയാം?’
കോവിഡ് മഹാമാരിയിൽ സ്പേസ് ക്ലബ്ബിലെ വിദ്യാർഥികൾ കണ്ട വഴിയാണ് വെബിനാർ സെഷനുകൾ. കേരളത്തിലെ ക്ലാസുകൾ ഓൺലൈൻ ആകുന്നതിനു മുൻപുതന്നെ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ ഇവർ വെർച്വൽ മീറ്റിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി. വെബിനാർ ആയതിനാൽ ലോകത്തെവിടെയും ഉള്ള വിദഗ്ദ്ധർ അതിഥികളായെത്തി.
ബഹിരകാശം, മറ്റു ശാസ്ത്രവിഷയങ്ങൾ, ടെക്നോളജി, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ ഊന്നി ആയിരുന്നു സീരീസ്. ഐഎസ്ആർഒ, ഡിആർഡിഒ, ഐഐറ്റി, എൻഐറ്റി, ഐഐഎസ്സി, ഐഐഎസ്റ്റി തുടങ്ങിയ ഇന്ത്യയിലെ പ്രസിദ്ധ സ്ഥാപനങ്ങളിലും വിദേശസർവ്വകലാശാലകളിലും നിന്നുള്ള ശാസ്ത്രജ്ഞരും അധ്യാപകരും പങ്കെടുത്തു.
യുഎൽസിസിഎസ് ഫൗണ്ടേഷനു കീഴിൽ 2016ൽ ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ. കെ. കുട്ടിയുടെ നേതൃത്വത്തിൽ ആണ് യുഎൽ സ്പേസ് ക്ലബ് ആരംഭിച്ചത്. ഐഎസ്ആർഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാമും സന്നദ്ധസേവനം നടത്തുന്ന ഏതാനം അധ്യാപകരും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞശേഷം വീണ്ടും സ്പേസ് ക്യാമ്പുകൾ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്നുണ്ട്. മെയിലും ജൂലൈയിലും സ്പേസ് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. സ്പേസ് ക്യാമ്പും വെബിനാർ സീരീസും അടക്കം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു കുട്ടികൾതന്നെ ആണു നേതൃത്വം നല്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *