മാഹി: ചരിത്രത്തിലാദ്യമായി കാണികള്‍ സ്വാതന്ത്ര്യദിന പരേഡ് ഗ്രൗണ്ടിലേക്ക് ഇരച്ച് കയറിയത് മയ്യഴിയില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയുടെ തിളക്കം നഷ്ടമാക്കി. മുന്‍കൂട്ടി മയ്യഴി ഭരണകൂടത്തിന്റെ അനുമതി നേടിയ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്കേ ഗ്രൗണ്ടില്‍ പടമെടുക്കാന്‍ അനുവാദമുള്ളൂ. ഇത്തരത്തില്‍ ഇരുപത് പേര്‍ക്ക് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. മന്ത്രിയോടൊപ്പം വന്ന മുപ്പതോളം പേര്‍ പരിപാടി നടന്നു കൊണ്ടിരിക്കെ, ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. പരിപാടിയില്‍ ബലൂണുകള്‍ പറത്താന്‍ നേരത്തെ നിശ്ചയിക്കപ്പെടാത്ത ചിലര്‍ ശ്രമിച്ചപ്പോള്‍ പോലിസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കുമ്പോള്‍ ചിലര്‍ ട്രാക്കിലിറങ്ങി പടമെടുത്തതും വിവാദമായി. പരിപാടി തുടങ്ങുന്നതിന് ഏതാനും സമയം മുമ്പ് മന്ത്രിയുടെ ബന്ധു കൂടിയായ ഒരാള്‍ മറ്റ് വി.ഐ.പികളുടെ കസേരകളില്‍ നിന്ന് വ്യത്യസ്തമായി മന്ത്രിക്ക് രാജകിയ കസേര വേണമെന്ന് ശാഠ്യം പിടിച്ചതും ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി ഒരു വിധത്തില്‍ പരിപാടിക്ക് മുമ്പ് കസേരയെത്തിച്ചതും കൗതുക കാഴ്ചയായി.
പതിവില്‍ നിന്ന് വ്യത്യസ്തമായി തുറന്ന ജീപ്പ് കൂടുതലായി അലങ്കരിക്കാന്‍ മന്ത്രിക്കൊപ്പം വന്നവര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ജീപ്പ് പൂക്കള്‍ കൊണ്ട് കൂടുതല്‍ അലങ്കരിച്ചിരുന്നു. അടുത്തിടെയൊന്നുമില്ലാത്തത്ര അച്ചടക്കരാഹിത്യമാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. പുറത്ത് നിന്നുള്ളവര്‍ ഗ്രൗണ്ട് കൈയ്യടക്കിയപ്പോള്‍ പോലിസ് ആത്മസംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് ചടങ്ങിന്റെ നടത്തിന് തടസം സംഭവിക്കാതിരുന്നത്. സ്വാതന്ത്യദിന സന്ദേശത്തിലാകട്ടെ പഴയതല്ലാതെ, പുതുതായി ഒന്നും പറയാനുണ്ടായിരുന്നില്ല’ കഴിഞ്ഞ തവണ ഇതേ സിവില്‍ സപ്ലൈസ് മന്ത്രി മാഹി സന്ദര്‍ശിച്ചപ്പോള്‍, ജൂലൈ മാസത്തോടെ മയ്യഴിയില്‍ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുമെന്ന് ഗവ: ഹൗസില്‍ വെച്ച് നിവേദക സംഘങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, മാഹിയിലെ ഏറ്റവും പ്രധാനപെട്ട ഈ ആവശ്യം മന്ത്രി പിന്നീട് മറന്ന് പോവുകയായിരുന്നു. അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
മുമ്പൊരിക്കലുമില്ലാത്ത വിധം അന്‍പതംഗ സംഘത്തോടൊപ്പം ഇക്കഴിഞ്ഞ 13നാണ് മന്ത്രി ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയത്. 14ന് മാഹിയിലെത്തിയ മന്ത്രിക്ക് മറ്റ് പരിപാടികളൊന്നുമുണ്ടായിരുന്നില്ല. പൊതുജനങ്ങള്‍ക്കുള്ള ഇന്റര്‍വ്യൂവും ഉണ്ടായിരുന്നില്ല. മന്ത്രിയുടെ ഔദ്യോഗിക ടൂര്‍ പ്രോഗ്രാമില്‍ സ്വാതന്ത്ര്യ ദിന പതാക ഉയര്‍ത്തലിന് പുറമെ, സഹകരണ കോളജിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും, ജനശബ്ദം മാഹിയുടെ സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായുള്ള ആദരിക്കല്‍ ചടങ്ങും, ഓണക്കിറ്റ് വിതരണവുമാണ് ഉണ്ടായിരുന്നത്. ഈ രണ്ട് ചടങ്ങുകളും ഉച്ചക്ക് മുമ്പായിരുന്നു. എന്നാല്‍ ഈ രണ്ട് ചടങ്ങുകളിലും പങ്കെടുക്കാതെ ഉച്ചക്ക് ശേഷം കര്‍ണാടകയിലെ ഉടുപ്പി, മൂകാംബിക, മുരുടേശ്വര്‍ തുടങ്ങിയ ക്ഷേത്ര സന്ദര്‍ശനത്തിനായി പോവുകയായിരുന്നു. ബുധനാഴ്ച സംഘം പുതുച്ചേരിയില്‍ തിരിച്ചെത്തും.
പുതുച്ചേരിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് എത്തിയ ഒരുസംഘം ആളുകള്‍ നഗരം മുഴുവന്‍ മാഹിയില്‍ നിരോധിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറച്ചു.