കുവൈറ്റ്: കുവൈറ്റിലെ മലയാളികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ കലാസാംസ്‌കാരിക സാന്ത്വന കൂട്ടായ്മയായ ‘സാരഥി’ യുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം വിപുലമായ കലാകായിക മത്സരങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വം കുവൈറ്റില്‍ ആചരിച്ചു. ഒപ്പം ഗുരുകുലം സമ്മര്‍ക്യാംപിന്റെ സമാപനവും. കുവൈറ്റിന്റെ നാനാഭാഗങ്ങളിലായി സാരഥിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനാലോളം യൂണിറ്റുകളെ ഏകോപിപ്പിച്ചുകൊണ്ടു നടത്തിയ കലാമത്സരത്തില്‍ കോസ്റ്റ്യൂം ഡ്രസ്സ് മത്സരത്തില്‍ ഝാന്‍സി റാണിയായി വേഷപ്പകര്‍ച്ച നടത്തിയ വൈഡൂര്യ സുഹേഷ് എന്ന മലയാളി പെണ്‍കുട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ശിപായി ലഹളയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം നയിച്ചവരില്‍ പ്രമുഖയും ഇന്ത്യയുടെ ജോണ്‍ ഓഫ് ആര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ധീരവനിതയുമാണ് ഝാന്‍സിറാണി. നൃത്തത്തിന്റെ ചടുലതാളങ്ങളോടെയുള്ള സ്വാതന്ത്ര്യ ഗാനാവിഷ്‌ക്കാരം നടത്തിയ മത്സരങ്ങളിലും വൈഡൂര്യ സുരേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനം എന്ന വിഷയവുമായി ബന്ധപ്പെട്ട നടന്ന ചിത്രരചനാ മത്സരത്തിലും ഈ മലയാളി പെണ്‍കുട്ടി തന്നെ മുന്‍നിരയില്‍.
കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിനി കൂടിയായ ഈ കൊച്ചുമിടുക്കി കുടുംബസമേതം കുവൈറ്റില്‍ കഴിയുന്നു. വടകരക്കടുത്തുള്ള ചോമ്പാലയില്‍ ‘പ്രജനക’യിലെ പരേതന്‍ വരയാലില്‍ രാമകൃഷ്ണന്‍ എന്ന പ്രവാസിയുടെ പേരക്കുട്ടി കൂടിയാണ് ഈ കൊച്ചുമിടുക്കി.
ഗായത്രിജിത്ത്, മല്ലിക ലക്ഷ്മി, കാര്‍ത്തിക് നാരായണന്‍, ശ്രേയാസൈജു തുടങ്ങിയ കുട്ടികള്‍ മത്സരാര്‍ത്ഥികളില്‍ ഏറെ മുന്നിലെത്തിയ മറ്റുള്ളവര്‍. ക്ലാസിക്കല്‍ നൃത്തത്തിലും ബ്രെയ്ക്ക് ഡാന്‍സിലും വിസ്മയകരമായ ദ്രുതചലനങ്ങളോടെ ഈ പെണ്‍കുട്ടി ചുവട് വയ്ക്കുന്നത് കാണുമ്പോള്‍ വിത്തില്‍ വൃക്ഷമൊളിഞ്ഞിരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാവില്ല തീര്‍ച്ച.
കൂട്ടത്തില്‍ കരാട്ടെ ക്ലാസ്സിലും ഒരു കൈനോക്കാന്‍ സമയംകണ്ടെത്തുന്ന വൈഡൂര്യ സുഹേഷ് പെയിന്റിങ്ങിനോടുള്ളപോലെ തന്നെ താല്‍പ്പര്യവും വാസനയും എംബ്രോയിഡറിയിലും കാണിക്കുന്നു. കുവൈറ്റ് സാരഥിയുടെ 2021 ലെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലും വൈഡൂര്യ സുഹേഷ് ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.