കോഴിക്കോട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സർക്കാർ-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അഭ്യർഥിച്ചു. മികച്ച രീതിയിൽ ദീപാലങ്കാരം ചെയ്യുന്ന ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങൾക്കാണ് സമ്മാനങ്ങൾ നൽകുക.
വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുക.ഇക്കാലയളവിലാണ് ദീപാലങ്കാരം ചെയ്യേണ്ടത്.ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺഹാൾ, ടാഗോർ ഹാൾ, ബേപ്പൂർ എന്നീ കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന കലാകായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, വാർഡ് കൗൺസിലർ വരുൺ ഭാസ്‌കർ, ജനറൽ കൺവീനറും ടൂറിസം ജോയന്റ് ഡയറക്ടറുമായ ടി.ജി അഭിലാഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ടി.പി മനോജ്, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽ ദാസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ പി. നിഖിൽ, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.