75ാം സ്വാതന്ത്ര്യദിനം: അഭിമാനിക്കാം, ആഹ്ലാദിക്കാം ഒരു ഭാരതീയനായതില്‍

75ാം സ്വാതന്ത്ര്യദിനം: അഭിമാനിക്കാം, ആഹ്ലാദിക്കാം ഒരു ഭാരതീയനായതില്‍

രവി കൊമ്മേരി

ആഗസ്റ്റ് 15, ഇന്ത്യ 75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ത്രിവര്‍ണ പതാകയില്‍ ഓരോ ഭാരതീയന്റേയും അഭിമാന സ്തംഭം കൊത്തിവച്ച് ജാതിമത ഭേദങ്ങള്‍ക്കതീതമായി ‘ജനഗണമന’ എന്ന ദേശഭക്തിഗാനം പാടി നാം ഒന്നാണെന്ന് നമുക്ക് ഉറക്കെ, ഉറക്കെ പറയാം. നിരവധി ധീര ദേശാഭിമാനികളുടെ രക്തപ്പുഴകളില്‍ താഴ്ന്നു പോയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ പതനം കണ്ട ദിനം. ഭാരതീയനെന്ന ഒരൊറ്റ ചിന്തയില്‍, ഒരൊറ്റ വികാരത്തില്‍ പിഴുതെറിയപ്പെട്ട ജീവാത്മാക്കളുടെ ഉള്‍ക്കരുത്തില്‍ സഹനത്തിന്റെ സമരത്തിന്റെ കരുത്തുറ്റ മുഖങ്ങള്‍ കൊണ്ട് വിജയഗാഥ എഴുതിയ ദിനം. സ്വാതന്ത്ര്യ ദിനം. ആഗസ്റ്റ് 15.

ലോകം നെഞ്ചേറ്റിയ മഹാത്മാഗാന്ധി എന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ അഹിംസാ മാര്‍ഗ്ഗത്തിലൂടെയുള്ള സന്ധിയില്ലാ സമരത്തിനു മുന്നില്‍ തോറ്റോടിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൈകളില്‍ നിന്ന് അടര്‍ത്തിയെടുത്ത സ്വാതന്ത്ര്യം. ഓര്‍മ്മകളുടെ കാണാക്കയത്തില്‍ തപ്പി ചരിത്രത്തിന്റെ ഏടുകളിലൂടെ നമുക്ക് കടന്നു പോകാം. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ഒരായിരം ധീര ദേശാഭിമാനികളുടെ സ്മൃതി മണ്ഡപത്തില്‍ സ്‌നേഹത്തിന്റെ അഭിമാനത്തിന്റെ നൂറു നൂറ് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കാം.
ഓരോ ഇന്ത്യന്‍ പൗരന്റേയും അഭിമാനമായി ആഗസ്റ്റ് 15 ന് ചെങ്കോട്ടെയുടെ നെറുകയില്‍ ആ ത്രിവര്‍ണ്ണ പതാക ഉയരുമ്പോള്‍ അഭിമാനത്തോടെ, ആഹ്ലാദത്തോടെ നമ്മള്‍ ഉറക്കെ പറയും. നമ്മളൊന്നാണ്. നമ്മള്‍ ഇന്ത്യക്കാരാണ്. നാം സ്വതന്ത്രരാണ്. ഭാരത് മാതാ കീ ജയ്…

 

Share

Leave a Reply

Your email address will not be published. Required fields are marked *