കോഴിക്കോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അച്ചടി മേഖലയുടെ വളര്‍ച്ചയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വളരെ വലുതാണ്. അത് സ്വായത്തമാക്കുന്നതില്‍ വിജയിച്ചതാണ് അച്ചടി ഇന്നും നിലനില്‍ക്കുന്നതിന് കാരണം. അതുപോലെ സാമൂഹിക മാറ്റത്തിനും സമൂഹത്തിന്റെ വളര്‍ച്ചക്കും അച്ചടി മേഖല നല്‍കിയ സംഭാവനയും വളരെ വലുതാണ്. അത് നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ലിന്റോ ജോസഫ് എം.എല്‍.എ പറഞ്ഞു. മുക്കം വ്യാപാര ഭവനില്‍ വച്ച് ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ്.സുമേദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രജിത പ്രദീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം മേഖല പ്രസിഡന്റ് അലി അക്ബര്‍, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജയറാം, ടി.ടി ഉമ്മര്‍, സംസ്ഥാന സെക്രട്ടറി എം.എസ് വികാസ് എന്നിവരും ജില്ലാ-മേഖലാ ഭാരവാഹികളും പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. രമേഷ് റിപ്പോര്‍ട്ടും എന്‍. മനോജ് കുമാര്‍ കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. മോഹനന്‍ സ്വാഗതവും ജോ. സെക്രട്ടറി സുരേന്ദ്രന്‍ .ടി നന്ദിയും പറഞ്ഞു.