പാലക്കാട്: പാലക്കാട് മരുതറോഡ് പഞ്ചായത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യമാണോയെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് പാലക്കാട് ജില്ലാ പോലിസ് മേധാവി ആര്‍. വിശ്വനാഥ്. കേസില്‍ എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണ്. പ്രതികള്‍ പിടിയിലാകുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നണ് സി.പി.എം ആരോപണം. മലമ്പുഴ കുന്നംങ്കാട് ജങ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സ്വാതന്ത്ര്യദിനത്തിന് തലേന്ന് സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകന്‍ ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്‍. 2008 ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി.പി.എം നേതാക്കള്‍ പറയുന്നു.