നമ്മുടെ രാജ്യം 75ാം പിറന്നാളാഘോഷിക്കുന്ന ഈ സുദിനത്തില്‍ എല്ലാവര്‍ക്കും പീപ്പിള്‍സ് റിവ്യൂവിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച് നേടിയതാണീ സ്വാതന്ത്ര്യം. മഹാത്മജിയും നെഹ്രുവും നേതാജിയുമടക്കമുള്ള നിരവധി നേതാക്കളുടെ നേതൃത്വത്തില്‍ ഭാരത ജനത നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. മഹാത്മജിയുടെ അഹിംസയിലധിഷ്ഠിതമായ സമരമാര്‍ഗങ്ങള്‍ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യസമരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ബംഗാളിലും കര്‍ണാടകത്തിലും കേരളത്തിലുമടക്കം വൈദേശികയ്ക്കെതിരായി പോരാട്ടം നടത്തി ധീര രക്തസാക്ഷിത്വം വരിച്ചവര്‍ നിരവധിയാണ്. കേരളത്തില്‍ വീരപഴശ്ശിയും കുഞ്ഞാലി മരയ്ക്കാറും വേലുതമ്പി ദളവയും ഉള്‍പ്പെടെയുള്ളവര്‍ ഈ പോരാട്ടത്തിന് ശക്തി പകര്‍ന്നവരാണ്.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ നാം നേടിയ നേട്ടം സമാനതകളില്ലാത്തതാണ്. പണ്ഡിറ്റ് നെഹ്രുവിന്റെ നേതൃത്വത്തിലാരംഭിച്ച പഞ്ചവത്സര പദ്ധതികളും പിന്നീട് പൊതുമേഖലയിലുണ്ടായ വളര്‍ച്ചയും വളരെ വലുതാണ്. എന്നാലും ഭാരതജനതയുടെ വലിയൊരു ശതമാനം കിടപ്പാടമില്ലാതെ, ഭക്ഷണമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് ദുഃഖ സത്യമാണ്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നതല്ല വികസനം. ഗാന്ധിജി പറഞ്ഞ ദരിദ്ര നാരായണന്മാരെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കലാണ് ഭരണക്കൂടങ്ങളുടെ കടമ. ഭരണഘടന പൗരനു നല്‍കുന്ന മൗലികാവകശാങ്ങളുടെ സംരക്ഷണം, മതേതര മൂല്യങ്ങളുടെ സംരക്ഷണം ഇവയ്ക്കെല്ലാം സമീപകാലങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോ എന്ന് ഭരണകൂടങ്ങള്‍ ഓര്‍ക്കണം. ഭാരതത്തിലെ എല്ലാവരും മാതൃരാജ്യത്തെ സ്നേഹിക്കുന്നവരാണ്. ഇത് സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ ലോകം ദര്‍ശിച്ചതാണ്, അവിടെ ഹിന്ദുവെന്നോ, മുസ്ലിമെന്നോ, മറ്റ് മത വേര്‍തിരിവുകളുണ്ടായിരുന്നില്ല. എന്നാലിന്ന് അറിഞ്ഞോ, അറിയാതെയോ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വേര്‍തിരിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മതങ്ങള്‍ മനുഷ്യനെ ഭിന്നിപ്പിക്കാനുള്ളതല്ലെന്ന് എല്ലാ മതങ്ങളും പരസ്പര സാഹോദര്യം വിളിച്ചോതുമ്പോള്‍ അത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴാണ് ജനങ്ങള്‍ തമ്മില്‍ വിഭാഗീയത ഉണ്ടാകുന്നത്.
അധികാര സ്ഥാനങ്ങളിലെത്താന്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍, അവര്‍ ചെയ്യുന്നത് മാതൃരാജ്യത്തോടുള്ള കൊടിയ ദ്രോഹമാണെന്ന് തിരിച്ചറിയണം. എല്ലാ ഇന്ത്യക്കാരും ഒന്നാണ്. ഒന്നായിനിന്ന് സമ്പല്‍സമൃദ്ധമായ ഒരിന്ത്യ കെട്ടിപ്പടുക്കലാണ് ഓരോ ഭാരതീയന്റേയും കടമയെന്ന് നാമോരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്. ശോഭനസുന്ദരമായ ഒരു ഭാരതമാണ് വരാനിരിക്കുന്ന തലമുറകള്‍ക്ക് നമുക്ക് കൈമാറാനാവേണ്ടത്. സ്വാതന്ത്യസമര പോരാളികളുടെ സ്വപ്നവും അത് തന്നെയായിരുന്നു. ദരിദ്രരില്ലാത്ത ഇന്ത്യ, കിടപ്പാടമില്ലാത്തവരില്ലാത്ത ഇന്ത്യ, എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന, എല്ലാവരും ഏകോദര സഹോദരന്മാരായ ഒരിന്ത്യ, അത് നമ്മുടെ ഹൃദയത്തിലും കണ്ണുകളിലും നിറയട്ടെ. എല്ലാവര്‍ക്കും 75ാം സ്വാതന്ത്ര്യദിന ആശംസകള്‍.