മാഹി: ചരിത്രപ്രസിദ്ധമായ പ്ലാസ് ദ ആംസ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ പൗരാവലിയുടെ ആവേശത്തില്‍ മയ്യഴിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. പുതുച്ചേരി സിവില്‍ സപ്ലൈസ് മന്ത്രി സായ് ജെ. ശരവണന്‍കുമാര്‍ ദേശീയ പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. മാഹി കോടതിക്ക് പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുമെന്നും പ്രധാന റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിനിടെ അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖലയില്‍ വികസന പ്രവര്‍ത്തനം നടത്തി വരികയാണ്.
അഗ്‌നിശമന സേനയെ നവീകരിക്കും. മാഹി ഗവ.ജനറല്‍ ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റിന്റെ പൂര്‍ത്തികരണം ഉടന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുച്ചേരി ആംഡ് പോലിസ്, ഐ.ആര്‍.ബി, ലോക്കല്‍ പോലിസ്, ഹോം ഗാര്‍ഡ്‌സ്, എന്‍.സി.സി, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. മാഹി എം.എല്‍.എ രമേശ് പറമ്പത്ത്, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ, മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സേവന മേഖലകളില്‍ മികവ് കാണിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. വിവിധ കലാപരിപടികള്‍ അരങ്ങേറി.