കോഴിക്കോട്: അമൃത മഹോത്സവത്തിന്റെ ഭാഗമായി ഭാഷാ സമന്വയ വേദി സ്വാതന്ത്ര്യ സമരകാല കവിതകളുടെ ആലാപനം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരകാലത്തെ ആവേശ്വോജ്ജലമായ നാളുകളില്‍ വ്യത്യസ്ത ഭാഷകളിലെ കവികള്‍ രചിച്ച ഉദ്‌ബോധന കവിതകള്‍ വിദ്യാര്‍ഥിനികള്‍ ആലപിച്ചു. നടക്കാവ് ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് പ്രൊഫ. ജോബ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രത്തെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതില്‍ ഭാരതീയ ഭാഷാ കവികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വള്ളത്തോളിന്റെ കവിത ‘കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍’ അദ്ദേഹം ആലപിച്ചു. മഷി കൊണ്ടല്ല ഹൃദയരക്തം കൊണ്ടാണ് ആ കാലഘട്ടത്തിലെ കവികള്‍ കവിതകള്‍ രചിച്ചതെന്ന് ഡോ. ആര്‍സു ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഹെഡ് മാസ്റ്റര്‍ സന്തോഷ് നിസ്വാര്‍ത്ഥ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നീലാഞ്ജന.എന്‍.പി, നേഹ.എസ് (മലയാളം), സാഹിബ സാജിദ്, ആയിഷ ഹുദ , ഫാത്തിമ നിമിഷാന (ഉറുദു), റബില്‍ ഫാത്തിമ, നിഷ ചൗഹാന്‍ (ഹിന്ദി), പൂര്‍ണിമ.എം, ലാവണ്യ (കന്നട), ആരോമ.ജെ.ശങ്കര്‍ (സംസ്‌കൃതം), ശ്രീദുര്‍ഗ്ഗ (തമിഴ്) കവിതകള്‍ ആലപിച്ചു. സ്‌കൂള്‍ അധ്യാപിക പി.കെ.രാധി പരിപാടി നിയന്ത്രിച്ചു. പി.കെ.രാധാമണി, പി.ടി.രാജലക്ഷി, കെ.വാരിജാക്ഷന്‍ എന്നിവര്‍ കവിതകള്‍ വിലയിരുത്തി. സര്‍ട്ടിഫിക്കറ്റും പുസ്തകവും വിദ്യാര്‍ഥിനികള്‍ക്ക് ഉപഹാരമായി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ബാബു സ്വാഗതവും സി. സോഷീന നന്ദിയും പറഞ്ഞു.