കോഴിക്കോട്: ജനാധിപത്യത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒത്തുചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ് എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നതാണ് സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിയഞ്ചാം വാര്‍ഷികമെന്ന് കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി അഭിപ്രായപ്പെട്ടു. ഫെസ്റ്റിവല്‍ ഓഫ് ലിബര്‍ട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയപ്പാട് ഇല്ലാതെ ജീവിക്കാന്‍ സാധിക്കുക എന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യം എന്ന് സ്വാതന്ത്ര്യദിനസന്ദേശം നല്‍കിക്കൊണ്ട് കവി പി.കെ ഗോപി പറഞ്ഞു.
ട്രസ്റ്റിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ പി.പി പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍മേയര്‍ ടി. പി ദാസന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാന്‍, ജയന്ത് കുമാര്‍, അഡ്വ. പി.കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പഴശ്ശിരാജാ രവിവര്‍മ്മ സ്വാഗതവും ഡോക്ടര്‍ മോഹന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹൃദയരാഗം എന്ന പേരില്‍ സംഗീതമേള നടന്നു.അജീഷ് കാരയാടിന്റെ നേതൃത്വത്തിലുള്ള നന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ടുകളും മോഹനന്‍ ചന്തന്‍ചിറയുടെ നേതൃത്വത്തില്‍ തുടിപ്പാട്ട് സംഘം അവതരിപ്പിച്ച ആദിവാസി പാട്ടുകളും കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മുനീറ കെ.ടി.പി അവതരിപ്പിച്ച മാപ്പിളപ്പാട്ടും ലജിത ടി.ടി.യും സംഘവും അവതരിപ്പിച്ച വടക്കന്‍ പാട്ടുകളും അരങ്ങേറി.
നാളെ രാവിലെ 10 മണിക്ക് ഈശ്വര്‍ ഭട്ടതിരിയുടെ സംഗീത കച്ചേരി ആരംഭിക്കും. ഈശ്വര ഗാനമഞ്ജരി ഗ്രന്ഥ പ്രകാശനം രാവിലെ 11.30 ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍. നീലകണ്ഠന്‍ നിര്‍വഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ഉമാ ഭട്ടതിരിപ്പാടിന്റെ മോഹിനിയാട്ടം അരങ്ങേറും. വൈകുന്നേരം നാല് മണിക്ക് പഴശ്ശിരാജാ പുരസ്‌കാരം കെ.എസ് ചിത്രക്ക്. എം.ടി.വാസുദേവന്‍ നായര്‍ സമ്മാനിക്കും. തുടര്‍ന്ന് ലിംകാ വേള്‍ഡ് റെക്കോഡ് ഹോള്‍ഡര്‍ സാക്‌സ് ഫോണ്‍ എം.എസ് ലാവണ്യ നയിക്കുന്ന ക്വീന്‍സ് ബാന്‍ഡ് അവതരിപ്പിക്കും.