ഫായിസിന്റെ ലോക സൈക്കിള്‍ യാത്രക്ക് തിരുവനന്തപുരത്ത് തുടക്കം; മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു

ഫായിസിന്റെ ലോക സൈക്കിള്‍ യാത്രക്ക് തിരുവനന്തപുരത്ത് തുടക്കം; മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്രപരമായ സൈക്കിള്‍ യാത്ര ആരംഭിച്ചു. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികമാഘോഷം ‘ആസാദി ക അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ ‘ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്’ എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ റോട്ടറി ഇന്റര്‍നാഷല്‍ പിന്തുണയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് അലിയുടെ (34) സൈക്കിള്‍ യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്രയുടെ ഫ്‌ളാഗ് ഓഫ് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സുധീര്‍ എസ്.എസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യു.കെ അബ്ദുല്‍ നാസര്‍ പ്രൊജക്ട് അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബുമോന്‍, കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാജ് മോഹന്‍ പിള്ള, റെട്ടേറിയന്‍ മണികണ്ഠന്‍ നായര്‍, സിനി ആര്‍ട്ടിസ്റ്റ് സച്ചിന്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു. ഇക്കോ വീലേഴ്‌സ് വൈസ് പ്രസിഡന്റ് പി.കെ രാജേന്ദ്രന്‍ സ്വാഗതവും ജി.സി.സി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ഷമീം പക്‌സാന്‍ നന്ദിയും പറഞ്ഞു. അലിറോഷന്‍, ദില്‍ഷാദ്, ഷിജി ജയിംസ്, സായിസ് എന്നിവര്‍ നേതൃത്വം നല്‍കി. ഫായിസ് അഷ്‌റഫ് അലി യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി.

35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം കൊണ്ടാകും ഫായിസ് ലണ്ടനില്‍ എത്തിച്ചേരുക. അമേരിക്കന്‍ കമ്പനിയുടെ സര്‍ലേഡിസ്‌ക്ക് ട്രക്കര്‍ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം.
യു.എ.ഇ ആസ്ഥാനമായ ട്രാവല്‍ ആന്‍ഡ് ലഗേജ് ആക്‌സസറീസ് കമ്പനിയായ പാരാജോണാണ്‌ സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.  യാത്രയുടെ സഹപ്രായോജകര്‍ എമിറേറ്റ്‌സ് ഫസ്റ്റ് കമ്പനി, ദുബായ് ആണ്.

തിരുവനന്തപുരത്ത് നിന്നും മുബൈ വരെ സൈക്കിളില്‍ സഞ്ചരിച്ച് വിമാന മാര്‍ഗ്ഗം ഒമാനിലെത്തി, അവിടെ നിന്നും സൈക്കിളില്‍ യു.എ.ഇ, സൗദ്യഅറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഇറഖ്, ഇറാന്‍, ജോര്‍ജിയ, തുര്‍ക്കി, അവിടെ നിന്ന് യുറോപ്യന്‍ ബള്‍ഗേറിയ, റുമേനിയ, മാള്‍ഡോവ, യുക്രൈന്‍, പോളണ്ട്, ചെകോസ്ലാവാക്യ, ഹംഗറി, സെര്‍ബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്‌സലര്‍ലാന്‍ഡ്, ജര്‍മനി, നെതര്‍ലന്റസ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ഫ്രാന്‍സ് എന്നിവടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങള്‍ താണ്ടിയാണ് ഫായിസ് ലണ്ടനില്‍ എത്തിചേരുന്നത്. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വച്ചാണ് സൈക്കിളില്‍ ലോക പര്യടനത്തിന്‌ ഇറങ്ങിയത്. 2019 ല്‍ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാള്‍, ബൂട്ടാന്‍, മ്യാന്‍മര്‍, തായ്‌ലന്റ് , മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *