-
രവി കൊമ്മേരി
അബുദാബി: വാഹനം ഓടിക്കുന്നവര്‍ മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു. ഗുരുതരമായ റോഡപകടങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അബുദാബി പോലിസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഹനം ഓടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക (സംസാരിക്കുക, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുക, ടെക്സ്റ്റ് ചെയ്യുക) ഫോട്ടോകളോ വീഡിയോകളോ എടുക്കല്‍ കൂടാതെ സ്ത്രീകള്‍ മേക്കപ്പ് ശരിയാക്കുക എന്നിവ ഈ ശീലങ്ങളില്‍ ഉള്‍പ്പെടുന്നു.
വാഹനമോടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ തങ്ങളുടെ സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും അശ്രദ്ധരാക്കുന്ന ശീലങ്ങള്‍ നിര്‍ത്തണമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഡ്രൈവര്‍മാരുടെ ഇത്തരം നടപടികളാണ് കൂടുതലായും റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും അധികാരികള്‍ പറയുന്നു.
2022ലെ ആദ്യ ആറ് മാസങ്ങളില്‍ അബുദാബി റോഡുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിന് 105,300 വാഹനയാത്രക്കാര്‍ക്ക് പിഴ ചുമത്തിയതായി പോലിസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രാഫിക് ഓഫിസര്‍മാര്‍ പറയുന്നതനുസരിച്ച്, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധ വളരെ പെട്ടെന്ന് തെറ്റിപ്പോകുകയും ഇത് പെട്ടെന്ന് ലെയ്നുകള്‍ മാറ്റുന്നതിനും കുറഞ്ഞ വേഗ പരിധിയില്‍ (പ്രത്യേകിച്ച് ഹൈവേകളില്‍) ഡ്രൈവിങ് ചെയ്യുന്നതിനും ഇടയാക്കുന്നു. മാത്രമല്ല ഏകാഗ്രത കുറവായതിനാല്‍ ചുവന്ന ലൈറ്റുകള്‍ ചാടുന്നതിനും ഇടയാക്കുന്നു.