അമൃത മഹോത്സവത്തില്‍ റാലിയും ആഘോഷങ്ങളുമായി ഊരാളുങ്കല്‍ സൊസൈറ്റിയും യു.എല്‍ സൈബര്‍ പാര്‍ക്കും

അമൃത മഹോത്സവത്തില്‍ റാലിയും ആഘോഷങ്ങളുമായി ഊരാളുങ്കല്‍ സൊസൈറ്റിയും യു.എല്‍ സൈബര്‍ പാര്‍ക്കും

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ 75 പതാകകളുമായി യു.എല്‍ സൈബര്‍ പാര്‍ക്കിന്റെ റാലി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ വിപുലമായ റാലിയില്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 75 കമ്പനികളും ദേശീയപതാകകളുമായി അണിചേര്‍ന്നു. മഹോത്സവിന്റെ ഭാഗമായി രാജ്യമൊട്ടാകെ ആചരിക്കുന്ന ഹര്‍ ഘര്‍ തിരംഗ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സംഘടിപ്പിച്ച വിപുലമായ പരിപാടികളുടെ ഭാഗമായിരുന്നു റാലി.

സൊസൈറ്റിയുടെ കോഴിക്കോട് വടകര മടപ്പള്ളിയിലെ ആസ്ഥാനത്തും സംസ്ഥാനത്ത് ഉടനീളമായുള്ള സൊസൈറ്റിയുടെ സ്ഥാപനങ്ങളിലും പ്രോജക്റ്റ് സൈറ്റുകളിലും പ്രൊജക്റ്റ് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തി. മടപ്പള്ളിയിലെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാന്‍ വി.കെ. അനന്തന്‍ പതാക ഉയര്‍ത്തി. ഡയരക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയപാതയില്‍നിന്ന് ആരംഭിച്ച യു.എല്‍ സൈബര്‍ പാര്‍ക്കിന്റെ റാലിയില്‍ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ്സിന്റെ മാര്‍ച്ച് പാസ് ഉണ്ടായിരുന്നു. നാര്‍ക്കോട്ടിക് സെല്‍ അസി. പോലിസ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ കുട്ടികള്‍ക്കു പതാക കൈമാറി. സബ് കലക്റ്റര്‍ ചെല്‍സാസിനി, യു.എല്‍.സി.സി.എസ് ലിമിറ്റഡ് എസ്.ഇ.സീ സ്പെസിഫൈഡ് ഓഫീസര്‍ സി.ജെ. തോമസ് എന്നിവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.

ടൂറിസം വകുപ്പിനുവേണ്ടി തിരുവനന്തപുരം കോവളത്തു സൊസൈറ്റി നടത്തുന്ന കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്, ഇരിങ്ങല്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്, ചവറയിലുള്ള ഐ.ഐ.ഐ.സി, കോഴിക്കോട്ടെ മാറ്റര്‍ ലാബ്, മുതിര്‍ന്ന പൗരന്മാര്‍ക്കായി കോഴിക്കോട്ടു നടത്തുന്ന പകല്‍ പരിചരണകേന്ദ്രമായ യു.എല്‍ കെയര്‍ മടിത്തട്ട്, നായനാര്‍ ബാലികാസദനം, തോട്ടുമുക്കത്തെ ക്രഷര്‍ യൂണിറ്റ് എന്നിവിടങ്ങളിലും പ്രധാന പ്രൊജക്റ്റുകളായ ചെല്ലാനം തീരദേശസംരക്ഷണ പ്രോജക്റ്റ്, ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്, തിരുവനന്തപുരം കെ.ടി.ഡി.സി സമുദ്ര എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികള്‍ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *