കോഴിക്കോട്: ലോകസാഹചര്യങ്ങള്‍ പ്രവചനാതീതമാണെന്നും കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിദേശകാര്യ സ്‌പെഷ്യല്‍ ഓഫിസര്‍ വേണുരാജാമണി. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനു ശേഷം മങ്കിപോക്‌സ് പോലുള്ള രോഗങ്ങളും റഷ്യ-യുക്രൈന്‍, ചൈന-തായ്വാന്‍ സംഘര്‍ഷ സാധ്യതകളും ലോകത്തിന് ഭീഷണിയാണ്. ഉല്‍പാദന മേഖലയിലെ തളര്‍ച്ച, എണ്ണയുടെ വിലക്കയറ്റം സാമ്പത്തിക മേഖലയെ തളര്‍ത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളടക്കമുള്ള ദരിദ്ര രാജ്യങ്ങള്‍ കടുത്ത പ്രയാസം നേരിടുകയാണ്. ലോകത്ത് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദമണി അധ്യക്ഷത വഹിച്ചു. ശ്രീനാഥ് മൂര്‍ച്ചിലോട്ട്, ആഷിക്ക്.കെ.പി, രജനി ഉമേഷ് സംസാരിച്ചു.