കോഴിക്കോട്: ദേശീയതയെ മതാധിഷ്ഠിതമാക്കുന്നതിനെ ചെറുക്കുക എന്ന സന്ദേശവുമായി സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്, എലത്തൂര്‍, കൊയിലാണ്ടി മേഖലാ കമ്മിറ്റികളും സംയുക്തമായി 15ന് വൈകീട്ട് നാല് മണിക്ക് കാപ്പാട് വെങ്ങളം, എം.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങളും ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ എട്ട് മണിക്ക് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.ടി മമ്മത് കോയ വെങ്ങളം പതാക ഉയര്‍ത്തും. സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് മുത്തുകോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. എളമരം കരീം എം.പി, കെ.എം ഷാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, പി.കെ.കെ ബാവ, അഡ്വ. പ്രവീണ്‍കുമാര്‍, മുസ്തഫ മുണ്ടുപാറ, ഇ.പി ഇമ്പിച്ചിക്കോയ, ടി.ടി ഇസ്മായില്‍, ടി.കെ ചന്ദ്രന്‍, സമദ് പൂക്കാട് പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും. കാപ്പാട് ഐനുല്‍ ഹുദാ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം ആലപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.പി.എം ബാവ ജീറാനി, ശംസീര്‍ കാപ്പാട്, അന്‍സാര്‍ കെ.എം എന്നിവര്‍ പങ്കെടുത്തു.