കോഴിക്കോട്: നാടന്‍കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോടിന്റെ 23ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള വാര്‍ഷിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരമ്പര്യ നാട്ടിപ്പാട്ട് കലാകാരി ചേളന്നൂര്‍ കുരുന്നാളിമീത്തല്‍ അരിയായി (മരണാനന്തര പുരസ്‌കാരം), പ്രമുഖ നാടക പ്രവര്‍ത്തകനും സംഗീതസംവിധായകനുമായ വില്‍സണ്‍ സാമുവല്‍, പ്രശസ്ത ഗാനരചയിതാവും കോളമിസ്റ്റുമായ കാനേഷ് പൂനൂര്‍, പ്രാദേശിക ടി.വി ചാനല്‍ പ്രവര്‍ത്തകന്‍ എ.രാജേഷ് (കെ.സി.എല്‍ ടി.വി) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നടനും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പാട്ടുകൂട്ടത്തിന്റെ 23ാം വാര്‍ഷിക പരിപാടികളുടെ തുടക്കമായി 22ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ലോക ഫോക്‌ലോര്‍ ദിനാചരണ വേദിയില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും. 2022 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് 21 വരെയാണ് പാട്ടുകൂട്ടം വാര്‍ഷിക പരിപാടികള്‍.22ന് ഫോക്‌ലോര്‍ ദിനാചരണത്തിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍, പുരസ്‌കാര വിതരണം, അനുമോദനം, സാംസ്‌കാരിക സമ്മേളനം, നാടന്‍ പാട്ടുത്സവം, നൃത്തം എന്നിവയുണ്ടാകും.
മേയര്‍ ബീനാ ഫിലിപ് പരിപാടി ഉദ്ഘാടനം ചെയ്യും. ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ഡോ.ഖദീജ മുംതാസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്‌ലോര്‍ മുന്‍ വകുപ്പു മേധാവി ഡോ.ഇ.കെ ഗോവിന്ദവര്‍മരാജ, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസ്, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാഗേഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ദീപ, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, ട്രാന്‍സ്‌വുമണ്‍ ആക്ടിവിസ്റ്റ് വൈഗ സുബ്രഹ്മണ്യം, ഡേ.എ.കെ അബ്ദുള്‍ ഹക്കീം, ഡോ.അസീസ് തരുവണ, ഡേ.എം.പി വാസു മുടൂര്‍, ടി.വി ബാലന്‍, കാവില്‍.പി മാധവന്‍, കെ.പി.യു അലി, നാട്ടുകലാകാരകൂട്ടം ജില്ലാ പ്രസിഡന്റ് റീജു ആവള, ടി.പി ഭാസ്‌കരന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബാബു പറശ്ശേരി, വര്‍ക്കിങ് ചെയര്‍മാന്‍ ജഗത്മയന്‍ ചന്ദ്രപുരി, ജനറല്‍കണ്‍വീനര്‍ ഗിരീഷ് ആമ്പ്ര, പുരസ്‌കാരം സമിതി അംഗം വൈഗ സുബ്രഹ്മണ്യം, മണിരാജ് പൂനൂര്‍, ഒ.ബി കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു.