കോഴിക്കോട്: നവകേരള നിര്‍മിതിയില്‍ ഹരിതകേരള മിഷന്റെ പങ്ക് ശ്രദ്ധേയമാണെന്നും ശുചിത്വപദ്ധതിക്ക് കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാലം കടന്ന് പോകുമ്പോള്‍, നാട് വികസിക്കുമ്പോള്‍ മാലിന്യപ്രശ്‌നം വര്‍ധിക്കും. ജനങ്ങളെ ബോധ്യപ്പെടുത്തി പ്രശ്‌നപരിഹാര മുണ്ടാക്കലാണ് അഭികാമ്യമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ഹരിതകേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാഹരിത സംഗമം ഹോട്ടല്‍ നളന്ദയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതമിത്രം മൊബൈല്‍ ആപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി അധ്യക്ഷത വഹിച്ചു. കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഢി മുഖ്യപ്രഭാഷണം നടത്തി.
നവകേരള കര്‍മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രകാശ് വിഷയാവതരണം നടത്തി. എം.എല്‍.എമാരായ പി.ടി.എ റഹിം, കെ.എം സച്ചിന്‍ദേവ്, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ്.ജയശ്രീ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.ജി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി ബാബു, തദ്ദേശ ഭരണവകുപ്പ് ജോയന്റ് ഡയരക്ടര്‍ ഡി.സാജു, ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പഞ്ചായത്ത് അബ്ദുള്‍ ലത്തീഫ്, ക്ലീന്‍ കേരള കമ്പനി ജില്ലാമാനേജര്‍ സുധീഷ് തൊടുകയില്‍, കുടുംബശ്രീ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ എം.പി ഗിരീശന്‍, ശുചിത്വമിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ഹരിതകര്‍മസേനകളേയും ജനപ്രതിനിധികളേയും ആദരിച്ചു.