ചോമ്പാലയുടെ മണ്ണിലുമുണ്ട് നെഹ്‌റുവിന്റെ കാല്‍പ്പാടുകള്‍!!

ചോമ്പാലയുടെ മണ്ണിലുമുണ്ട് നെഹ്‌റുവിന്റെ കാല്‍പ്പാടുകള്‍!!

ദിവാകരന്‍ ചോമ്പാല

ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ചോമ്പാല്‍ കുഞ്ഞിപ്പള്ളി മൈതാനത്ത് പൊതുപരിപാടിയില്‍ പ്രസംഗിക്കാനെത്തുന്നു. ഏകദേശം 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഉള്‍നാടന്‍ ഗ്രാമത്തിലെ ജനങ്ങള്‍ അന്നേവരെ കേട്ടതില്‍ വച്ചേറ്റവും വലിയ വാര്‍ത്ത! മലബാര്‍ മേഖലയിലെ കോണ്‍ഗ്രസ് സംഘടനക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് പ്രവര്‍ത്തനക്ഷമതക്ക് മാറ്റുകൂട്ടാന്‍ ലക്ഷ്യമിട്ടായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ചോമ്പാലിലുമെത്തിയത്.

കേരളസംസ്ഥാനം നിലവില്‍ വരാത്ത കാലം. ഭാഷാ സംസ്ഥാനങ്ങള്‍ക്കായി മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന പഴയ കാലം. അഞ്ചോ ആറോ വയസുമാത്രം പ്രായത്തിലുള്ള കുട്ടിയായ ഞാന്‍ അച്ഛന്റെ കൈപിടിച്ചാണ് മുക്കാളി നിന്നും കുഞ്ഞിപ്പള്ളി മൈതാനം വരെ നടന്നുപോയത്. കൂട്ടത്തില്‍ അച്ഛന്റെ സുഹൃത്ത് സേട്ടു കുഞ്ഞാപ്പു എന്നൊരാളും.
നെഹ്‌റുവിനെ കാണാന്‍ പലപ്രദേശങ്ങളില്‍ നിന്ന് കുഞ്ഞിപ്പള്ളി മൈതാനം ലക്ഷ്യമാക്കി വെളുപ്പാന്‍ കാലത്തുതന്നെ അനിയന്ത്രിതമായ ജനപ്രവാഹം. മുക്കാളിയിലെ റോഡുകളും പീടികളുമെല്ലാം കൊടിതോരണങ്ങള്‍കൊണ്ടലങ്കരിച്ച നിലയില്‍. തലേന്ന് രാത്രിതന്നെ പ്രസംഗമണ്ഡപത്തിനരികില്‍ മുന്‍നിരയില്‍ സ്ഥലം പിടിക്കാനുള്ള മുന്നൊരുക്കവും ചിലര്‍ നടത്തിയിരുന്നു. ചോമ്പാലയുടെ ചരിത്രസംഭവമായിരുന്ന ആ പരിപാടിയുടെ മുഖ്യ അമരക്കാരന്‍ ചോമ്പാല എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സുകാരനുമായ മുല്ലപ്പള്ളി ഗോപാലനുമായിരുന്നു. ഈ അപൂര്‍വ്വാവസരം മുല്ലപ്പള്ളി ഗോപാലന് ഒരുക്കിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് തലശ്ശേരി സ്വദേശി ചെങ്ങോരം കേളോത്ത് സി.കെ ഗോവിന്ദന്‍ നായരാണ്.

പാര്‍ട്ടിക്കുവേണ്ടി, പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കറകളഞ്ഞ ഈ കോണ്‍ഗ്രസ്സുകാരന്‍ മുല്ലപ്പള്ളി ഗോപാലന്റെ മകനാണ് പില്‍ക്കാലത്ത് ചോമ്പാലയിലെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന ജനപ്രിയനായ ദേശീയനേതാവ്. മുല്ലപ്പള്ളി ഗോപാലന്റെ അത്യുത്സാഹവും മികച്ച സംഘടനാവൈഭവവും ഇച്ഛാശക്തിയുടെയും പരിണിതഫലമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ചോമ്പാല്‍ കുഞ്ഞിപ്പള്ളി മൈതാനത്തെത്തിയതെന്ന് പറഞ്ഞാല്‍ തെറ്റാവില്ലെന്നുറപ്പ്.

ചോമ്പാലക്കാരന്‍ കണ്ണന്‍ ഡ്രൈവര്‍ എന്നൊരാളായിരുന്നു കോഴിക്കോട്ടുനിന്നും ചോമ്പാലവരെ നെഹ്‌റുവിന്റെ യാത്രക്കായി തുറന്ന കാര്‍ ഓടിച്ചിരുന്നത്. അക്കാലത്തെ സി.സി ആന്‍ഡ് കെ.പി ബസ് സര്‍വീസിലെ ഡ്രൈവറായിരുന്ന ചോമ്പാലക്കാരന്‍ കണ്ണന്‍ ഡ്രൈവര്‍. മികച്ച ഡ്രൈവിംഗിന് കണ്ണന്‍ ഡ്രൈവര്‍ക്ക് നെഹ്റു സര്‍ട്ടിഫിക്കറ്റും നല്‍കിയതായാണറിവ്. കയ്യില്‍ രസീത് ബുക്കുമായി പതിവ്പടി ആരുടെ മുന്‍പിലും കൈനീട്ടിക്കൊണ്ടായിരുന്നില്ല മുല്ലപ്പള്ളി ഗോപാലന്‍ കുഞ്ഞിപ്പള്ളിയിലെ ഈ പരിപാടി സംഘടിപ്പിച്ചതെന്നാണ് നാട്ടറിവ്. അന്നേവരെ നാട്ടുകാരിലാരുംതന്നെ കാണാത്ത വിധത്തിലുള്ള പ്രസംഗമണ്ഡപമാണ് കരിങ്കല്ലും ചെങ്കല്ലും സിമന്റും ഉപയോഗിച്ചുകൊണ്ട് ഇവിടെ നിര്‍മ്മിച്ചത്. നിര്‍മ്മാണം നടക്കുന്നിടത്ത് സുരക്ഷയുടെ ഭാഗമായി ഒന്നുരണ്ട് പോലിസുകാര്‍ എല്ലാ ദിവസങ്ങളിലും പരിശോധന നടത്തും. ഉയരത്തിലുള്ള കല്‍മണ്ഡപവും കോവണിപ്പടികളുമുള്ള പ്രസംഗവേദിയും മേല്‍പ്പുരയും മറ്റും ദിവസങ്ങളെടുത്തുകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

തുറന്ന കാറില്‍ വന്നിറങ്ങിയ നെഹ്‌റുവിനെ കണ്ടതോടെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ ഇളകിമറിഞ്ഞു. വെളുത്ത പൈജാമയും നീണ്ട ഷെര്‍വാണിയും വെളുത്ത ഗാന്ധിത്തൊപ്പിയും ധരിച്ച പ്രധാനമന്ത്രി പ്രസാദാത്മകമായ ഭാവത്തോടെ ചുറുചുറുക്കുള്ള യുവാവിനെപ്പോലെ ബാരിക്കേഡുകളുടെ ഇടയിലൂടെ സിമന്റ് തേച്ച് തൂവെള്ള നിറം പകര്‍ന്ന ഗോവണികള്‍ ചാടിക്കയറി ഉയരത്തിലുള്ള പ്രസംഗമണ്ഡപത്തില്‍ കയറി ചുറ്റും തിങ്ങിയിരിക്കുന്ന പതിനായിരങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് കൈ വീശി നില്‍ക്കുന്ന രംഗം ഞാന്‍ മറന്നിട്ടില്ല. നെഹ്‌റുവിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്തത് നെട്ടൂര്‍ പി. ദാമോദരനാണെന്ന് അച്ഛന്‍ പറഞ്ഞുതന്നതും ഞാന്‍ ഓര്‍ക്കുന്നു. നെട്ടൂര്‍ പി. ദാമോദരന്‍ എന്ന പേര് ആദ്യമായി ഞാന്‍ കേട്ടതും അന്നുതന്നെ, നെഹ്‌റുവിന്റെ പാദസ്പര്‍ശമേറ്റ ആ കല്‍മണ്ഡപം ഒരു സ്മാരകമായി നിലനിര്‍ത്തേണ്ടതായിരുന്നു. ആരുടെയോ വകതിരിവില്ലായമ കൊണ്ട് ആ കല്‍മണ്ഡപം പൊളിച്ചുമാറ്റി നാമാവേശമായനിലയിലായി എന്നത് മറ്റൊരു ദുഃഖസത്യം.

ആഘോഷങ്ങളും ആരവങ്ങളും കഴിഞ്ഞശേഷം പ്രസ്തുത പരിപാടി സംഘടിപ്പിച്ച നിലയില്‍ ഭീമമായ തുകക്ക് കടക്കാരനായ മുല്ലപ്പള്ളി ഗോപാലന്‍ എന്ന സ്വാഗതസംഘം സെക്രട്ടറിക്ക് പഴയകാല കോണ്‍ഗ്രസുകാരന് സ്വന്തം കിടപ്പാടം കിട്ടിയ വിലയ്ക്ക് വില്‍ക്കേണ്ടിവന്നുവെന്നതും അക്കാലത്തെ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരമാര്‍ത്ഥം. പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ”നഷ്ടജാതകം ” എന്ന തന്റെ പുസ്തകത്തില്‍ ”ഇന്ത്യയെ കണ്ടെത്തല്‍ ” എന്ന തലക്കെട്ടോടെ ഈ വിഷയം ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നതായും കാണാം. നിരവധി സാതന്ത്ര്യസമര സേനാനികളുണ്ടായിരുന്ന ചോമ്പാലയിലെ പ്രമുഖരായ ദേശസ്‌നേഹികളില്‍ ഒരാളായിരുന്നു മുല്ലപ്പള്ളി ഗോപാലന്‍. ആദ്യകാലങ്ങളില്‍ തന്നോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച പലരും മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളിലേക്ക് ചുവട് മാറിയെങ്കിലും ഇളക്കമില്ലാത്ത മനസ്സോടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനവുമായി മരണംവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അടിയുറച്ചുവിശ്വസിച്ചു പ്രവര്‍ത്തിച്ച തികഞ്ഞ ഗാന്ധിയനായിരുന്നു മുല്ലപ്പള്ളി ഗോപാലന്‍.

വിദേശവസ്ത്ര ബഹിഷ്‌കരണം, കള്ളുഷാപ്പ് പിക്കറ്റിങ്, അയിത്തോച്ചാടനം ക്വിറ്റ് ഇന്ത്യാ സമരം ചോമ്പാല കടപ്പുറത്തെ ഉപ്പ് ചാപ്പകത്തിക്കല്‍ മാഹി വിമോചനസമരം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മുല്ലപ്പള്ളി ഗോപാലന്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ജയില്‍വാസത്തിനും വരെ വിധേയനാകേണ്ടി വന്നിട്ടുമുണ്ട്.

മഹാത്മാഗാന്ധിജിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ആഹ്വാനമനുസരിച്ച് ചോമ്പാലിലും പരിസരങ്ങളിലും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടിയും അണികളില്‍ അംഗസംഖ്യ വര്‍ധിപ്പിച്ചും പ്രാദേശികനേതൃത്വം നല്‍കിയ മുന്‍നിര പ്രവര്‍ത്തകരില്‍ ഏറെ ശ്രദ്ധേയനായിരുന്നു മുല്ലപ്പള്ളി ഗോപാലനെന്ന വേറിട്ട വ്യക്തിത്വം. വിദേശവസ്ത്ര ബഹിഷ്‌കരണം, കള്ളുഷാപ്പ് പിക്കറ്റിങ്, അയിത്തോച്ചാടനം ക്വിറ്റ് ഇന്ത്യാ സമരം ചോമ്പാല കടപ്പുറത്തെ ഉപ്പ് ചാപ്പകത്തിക്കല്‍ മാഹി വിമോചനസമരം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മുല്ലപ്പള്ളി ഗോപാലന്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ജയില്‍വാസത്തിനും വരെ വിധേയനാകേണ്ടി വന്നിട്ടുമുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തപേരില്‍ ചോമ്പാല്‍ പാതിരിക്കുന്നിലെ എം.എസ്.പി ക്യാംപിലേക്ക് പിടിച്ചുകൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ച കഥകള്‍ ചിത്രകാരനും ഗാന്ധിയനുമായ നാട്ടുകാരന്‍ കൊയിലോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പ് പറഞ്ഞതും ഞാനോര്‍ക്കുന്നു.

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍, രാജ്യസഭാ മെംബര്‍ തുടങ്ങിയ സമുന്നത സ്ഥാനങ്ങള്‍ വഹിച്ച തലശ്ശേരി സ്വദേശി ചെങ്ങോരം കേളോത്ത് സി.കെ ഗോവിന്ദന്‍ നായര്‍ സഹോദരതുല്യമായ നിലയില്‍ മുല്ലപ്പള്ളി ഗോപാലനുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നതായും മറ്റുമുള്ള പല കഥകളും കുഞ്ഞിക്കണ്ണക്കുറുപ്പില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നെഹ്‌റു ചോമ്പാലയില്‍ എത്താനിടയായതും മുല്ലപ്പള്ളി ഗോപാലനും സി.കെ ഗോവിന്ദന്‍ നായരുമായുള്ള അടുപ്പം ഒന്നുകൊണ്ട് തന്നെ. എന്റെ അച്ഛന്റെ ഔഷധശാലയില്‍ പതിവായി എത്താറുള്ള വ്യക്തി കൂടിയായിരുന്നു കുഞ്ഞിക്കണ്ണക്കുറപ്പ്. പ്രമുഖരായ ദേശീയ നേതാക്കളില്‍ പലരുടെ ചിത്രങ്ങളും പലര്‍ക്ക് വേണ്ടിയും അദ്ദേഹം വരച്ചു നല്‍കിയിട്ടുണ്ട്. മദ്രാസിലെ ആവഡിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സി.കെ ഗോവിന്ദന്‍ നായര്‍ മുഖ്യസഹകാരിയെപ്പോലെ അഥവാ മനഃസാക്ഷി സൂക്ഷിപ്പുകാരനെപ്പോലെ കൂടെ കൊണ്ടുപോയത് മുല്ലപ്പള്ളി ഗോപാലനെ. തിരിച്ചുവരുമ്പോള്‍ കുട്ടിയായ മുല്ലപ്പള്ളി രാമചന്ദ്രന് കളിക്കാന്‍ മദ്രാസില്‍ നിന്ന് കാറ്റുനിറയ്ക്കാവുന്ന ഫുട്‌ബോള്‍ വാങ്ങാനും അദ്ദേഹം മറന്നില്ല.

മുക്കാളിയിലെ പൗരപ്രധാനിയായ ചന്തന്‍ വൈദ്യരുമായും സുദൃഢമായ ബന്ധവും പരസ്പ്പര വിശ്വാസവും ഇവര്‍ നിലനിര്‍ത്തിയതായാണറിവ്. കുഞ്ഞിപ്പള്ളിക്കരികിലുള്ള ചിറയില്‍പീടികയിലെ ഓവുപാലത്തിന് ബോംബ്‌വച്ചതിനും ചോമ്പാല്‍ കടപ്പുറത്തെ ഉപ്പ് ചാപ്പക്ക് തീവച്ചതിനും മറ്റും പ്രതിയാക്കപ്പെട്ട മുല്ലപ്പള്ളി ഗോപാലന്‍ മയ്യഴി വിമോചനസമരത്തിലും പങ്കാളിയായതിന്റെ പേരില്‍ മയ്യഴിയിലെ ഫ്രഞ്ച് സര്‍ക്കാര്‍ 29 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി. കോളറ പടര്‍ന്നുപിടിച്ച കാലങ്ങളില്‍ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍പോലും ആളുകള്‍ മടിച്ചുനിന്നിടങ്ങളില്‍ കുഴിതോണ്ടി ശവം മറവു ചെയ്യാനും മുല്ലപ്പള്ളി ഗോപാലന്‍ എന്ന ഗാന്ധിയന്‍ മുന്നിലെത്തിയിരുന്നതായുമുള്ള നിരവധി കഥകള്‍ കൊയിലോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പില്‍നിന്ന് കേട്ട അറിവെനിക്കുണ്ട്. സ്വാതന്ത്ര്യസമരമുഖത്തും സ്വാതന്ത്ര്യാനന്തരവും രാഷ്ട്രീയ സാമൂഹ്യസേവനരംഗത്ത് പകരക്കാരനില്ലാത്ത നിലയില്‍ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരനായ ഇദ്ദേഹം പലതവണ അഴിയൂര്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി പത്രത്തിന് ഇവിടങ്ങളില്‍നിന്ന് ആദ്യകാലങ്ങളില്‍ വാര്‍ത്ത നല്‍കാറുള്ളതും ഇദ്ദേഹം തന്നെ.

കിടപ്പാടം നഷ്ട്ടപ്പെട്ട ശേഷം മുക്കാളി ദേശീയപാതക്കരികില്‍ വളരെ ചെറിയ ഭൂമിയില്‍ ഓലപ്പുരയില്‍ മുല്ലപ്പള്ളി ഗോപാലനും ഭാര്യ പാര്‍വതിയും രണ്ട് പെണ്‍മക്കളും ഏകമകനായ മുല്ലപ്പള്ളിയും ഏറെക്കാലം കഴിഞ്ഞുകൂടിയതങ്ങിനെ. നേരത്തെ മുക്കാളിയില്‍ റെയില്‍വേ സ്റ്റേഷനടുത്തും ഇന്ന് കാണുന്ന അയ്യപ്പ ക്ഷേത്രത്തിനടുത്തും മറ്റും ഇദ്ദേഹം ചായക്കട നടത്തിയിരുന്നു. ചിലകാലങ്ങളില്‍ മുക്കാളിയില്‍ പലചരക്ക് കടയും നടത്തിയിട്ടുണ്ട്. വിശാലവീക്ഷണവും മഹാമനസ്‌ക്കതയും കൈമോശം വരാതെ സൂക്ഷിച്ച മുല്ലപ്പള്ളി ഗോപാലനെന്ന ദേശസ്‌നേഹിയുടെ മകനാണ് ചോമ്പാലക്കാരുടെ പ്രിയങ്കരനായ മുല്ലപ്പള്ളി രാമചന്ദ്രന്‍!

രാഷ്ട്രീയ നിറഭേദങ്ങളോ, സ്വന്തം ചുറ്റുപാടെന്ന പ്രത്യേക പരിഗണനകളോ അശേഷമില്ലാതെ എം.പി ഫണ്ടിന്റെ സുതാര്യവും ഫലപ്രദവുമായ വിനിയോഗത്തിലൂടെ വടകര നിയോജകമണ്ഡലത്തിന്റെ സമാനതകളില്ലാത്ത വികസനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ദേശീയ നേതാവ് എന്റെ നാട്ടിലെ പരമോന്നത വ്യക്തിത്വമാണെന്ന് നെഞ്ചുവിരിച്ച് പറയുന്ന എണ്ണമറ്റ ചോമ്പാലക്കാരില്‍ ഒരാളാണ് ഞാനും എന്ന് അഭിമാനപൂര്‍വം പറയട്ടെ.

ദേശീയ രാഷ്ട്രീയത്തില്‍ മലബാറിന്റെ അമൂല്യ സംഭാവനയാണ് പ്രമുഖ സ്വാതന്ത്ര്യ സരസേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ മകന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തെളിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ മനസ്സ് കാണിച്ച അപൂര്‍വം നേതാക്കളില്‍ ഒരാള്‍ എന്ന വിശേഷണവും അദ്ദേഹത്തിനുള്ളതാണ്. വടകരയുടെ പ്രിയപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കമിടാനും പൂര്‍ത്തിയാക്കാനും ചോമ്പാലക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. വികസനത്തിന്റെ സമന്വയത്തിന്റെ വസന്തം വിടര്‍ത്തിക്കൊണ്ടായിരുന്നു സമാനതകളില്ലാത്ത ‘വിഷന്‍ വടകര’ എന്ന കലാ സാംസ്‌കാരിക സംഗമം അഥവാ കടത്തനാട് മഹോത്സവം നടന്നത്. യുവശാക്തീകരണത്തിന്റെ ചുവട്‌വയ്പ്പുകള്‍.. നാദാപുരത്തെ ബി.എസ്.എഫ് കേന്ദ്രം സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രം, സൈക്ലോണ്‍ ഷെല്‍ട്ടര്‍ സുരക്ഷാകേന്ദ്രം, തീരദേശ പോലിസ് സ്റ്റേഷന്‍ ദുരന്തനിവാരണ സേനാസമിതി തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അഞ്ച് ദേശീയ സ്ഥാപനങ്ങള്‍ വടകരയില്‍ !.

കൂടാതെ പാസ്പ്പോര്‍ട്ട് സേവാകേന്ദ്രം, വടകര മാഹി കനാല്‍, കേന്ദ്രീയ വിദ്യാലയം മലബാറിന്റെ വിദ്യാഭ്യാസമേഖലയില്‍ ഏറെ ശ്രദ്ധേയമായ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി റീജ്യനല്‍ സെന്റര്‍ വടകരയില്‍, കേന്ദ്രീയ വിദ്യാലയം തലശ്ശേരിയില്‍. ഒഞ്ചിയം അണ്ടര്‍ബ്രിഡ്ജ് 27 കോടി രൂപ നിര്‍മാണച്ചിലവില്‍ വടകര നിയോജകമണ്ഡലത്തിലെ റെയിവേ വികസനം. സാന്ത്വനപരിചരണ മേഖലയിലും ആതുര ശുശ്രൂഷാരംഗത്തും മുല്ലപ്പള്ളി രാമചന്ദ്രന്‍ കാണിച്ച ആര്‍ദ്രതയും സന്മനസിനുമൊപ്പം പ്രവാസി ക്ഷേമരംഗത്തും ഗതാഗതരംഗത്തെ അടിസ്ഥാനവികസനത്തിനുംവരെ സദാ കൈത്താങ്ങായിരുന്നു ഈ ചോമ്പാലക്കാരന്‍. മുക്കാളി റെയിവേ സ്റ്റേഷനോട് ചേര്‍ന്ന് ലവല്‍ക്രോസ്, റെയില്‍വേ സ്റ്റേഷന്‍ വികസനം ചോമ്പാല്‍ ഫിഷിങ് ഹാര്‍ബര്‍, തലശ്ശേരി- തലായി ഫിഷിങ് ഹാര്‍ബര്‍ കടത്തനാടിന്റെ ചരിത്ര പാരമ്പര്യവുമായി ഇഴചേര്‍ത്ത് നെയ്‌തെടുത്തതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതുമായ വികസനപ്രവര്‍ത്തനങ്ങളുടെ നീണ്ട നിരയില്‍ ഭരണപാടവത്തിന്റെ നേര്‍സാക്ഷ്യങ്ങളായി അക്കമിട്ടുനിരത്താന്‍ ഇനിയുമേറെ. എണ്ണിപ്പറയാന്‍ ഇനിയുമേറെ.

പട്ടികജാതി -പട്ടികവര്‍ഗ്ഗ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ആതുരാലയരംഗത്തെ, ഗതാഗതരംഗത്തെ അടിസ്ഥാന വികസനം, പൂര്‍ണതയിലെത്തിയ റെയിവേ വികസനം, സാമൂഹ്യ ഉത്തരവാദിത്വമായ സാന്ത്വന പരിചരണം തുടങ്ങി എം.പിയുടെ പ്രാദേശികഫണ്ട് മാതൃകാപരമായി വിനിയോഗിച്ചുകൊണ്ട് നടപ്പിലാക്കിയ എത്രയോ കര്‍മപദ്ധതികള്‍ മുല്ലപ്പള്ളിയുടെ തൊപ്പിയിലെ തൂവലുകളാണ്. ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണത്തിലോ വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലോ അല്ല ഞാനിത് വ്യക്തമാക്കുന്നത്. നന്മയുടെ നേരെ മുഖം തിരിക്കാന്‍ മനസ്സനുവദിക്കാത്ത ചോമ്പാലയിലെ ഒരു നാട്ടുകാരന്‍ എന്ന നിലയില്‍ മാത്രം. അതും ഒരു സാക്ഷീഭാവത്തില്‍ നിന്നുകൊണ്ട് തികച്ചും നിഷ്പക്ഷവും സത്യസന്ധവുമായ വിലയിരുത്തലുകളിലൂടെ ശരിയെന്ന കണ്ടെത്തലുകളിലൂടെ മാത്രം.

നെഹ്റു കുടുംബവുമായി സുദൃഢമായ ബന്ധം പുലര്‍ത്തിയിരുന്ന മുല്ലപ്പള്ളി എന്ന ചോമ്പാലക്കാരന്‍ ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം വരെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അസുലഭസന്ദര്‍ഭം ലഭിച്ച അപൂര്‍വം വ്യക്തികളില്‍ ഏറെ ശ്രദ്ധേയനുമായിരുന്നുവെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത് ?

കെ.എസ്.യുവിലൂടെ പൊതുരംഗത്ത് ചുവടുറപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന ചോമ്പാലക്കാരന്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവപങ്കാളിത്തമുറപ്പാക്കി. മടപ്പള്ളി കോളേജില്‍ ആദ്യമായി കെ.എസ്.യു യൂണിറ്റ് രൂപീകരിച്ച മുല്ലപ്പള്ളി ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. ലോകോളജിലും പഠനം നടത്തി. ക്യൂബയിലെ ഹവാനയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായ ചോമ്പാലക്കാരനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന യുവാവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്‍, എ.ഐ.സി.സി സെക്രട്ടറി, കെ.പി.സി.സി ജന. സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെ.പി.സി.സി അധ്യക്ഷന്‍, കലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍, കേന്ദ്ര കൃഷി സഹകരണ ഫിഷറീസ് സഹമന്ത്രി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി, കോണ്‍ഗ്രസ് ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ തുടങ്ങി എണ്ണത്തിലേറെ പദവികള്‍!

നെഹ്റു കുടുംബവുമായി സുദൃഢമായ ബന്ധം പുലര്‍ത്തിയിരുന്ന മുല്ലപ്പള്ളി എന്ന ചോമ്പാലക്കാരന്‍ ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം വരെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അസുലഭസന്ദര്‍ഭം ലഭിച്ച അപൂര്‍വം വ്യക്തികളില്‍ ഏറെ ശ്രദ്ധേയനുമായിരുന്നുവെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത് ?

കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് പദവിയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചിരുന്ന വിപ്ലവം പത്രത്തിന്റെ ചീഫ് സബ് എഡിറ്റര്‍ പദവിയിലും മുല്ലപ്പള്ളി പ്രവര്‍ത്തിച്ചിരുന്നതായോര്‍ക്കുന്നു. കോഴിക്കോട് ഇംഗ്ലീഷ് പള്ളിക്ക് എതിര്‍ ഭാഗത്തുള്ള കെട്ടിടത്തിലായിരുന്നു വിപ്ലവത്തിന്റെ ഓഫിസ് അക്കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് തവണ ലോക്‌സഭാംഗം, കേന്ദ്രത്തിലെ മുന്‍ ആഭ്യന്തര സഹ മന്ത്രി, കൃഷി-ഫിഷറീസ് സഹകരണ വകുപ്പ് സഹമന്ത്രി തുടങ്ങിയ എത്രയോ പദവികള്‍ അദ്ദേഹത്തെ തേടിയെത്തിയെന്നതില്‍ ചോമ്പാലക്കാര്‍ക്ക് അഭിമാനിക്കാതിരിക്കാനാവുമോ ?

1980ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരാണര്‍ത്ഥം ഇന്ദിരാഗാന്ധി ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങിയത് ചോമ്പാലയിലെ കുഞ്ഞിപ്പള്ളി മൈതാനത്ത്. ഈ മൈതാനത്തിന്റെ ഉടമസ്ഥാവകാശ വിഷയവുമായി ബന്ധപ്പെട്ട് നാട്ടുകാരും കുഞ്ഞിപ്പള്ളി പരിപാലനകമ്മറ്റിയും തമ്മില്‍ ആഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും നടന്നുകൊണ്ടിരുന്നകാലം.

പ്രസ്തുത വിഷയത്തിലും മുല്ലപ്പള്ളിയുടെ നയപരമായ ഇടപെടല്‍ ഏറെ ശ്രദ്ധേയം. ജനപങ്കാളിത്തത്തോടെയുള്ള മധ്യസ്ഥശ്രമത്തിന്റെ ഫലമായി കുഞ്ഞിപ്പള്ളി മൈതാനത്തിന്റെ പകുതി സ്ഥലം പള്ളിക്കമ്മറ്റിക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. മറുപകുതിയിലാണ് ഇന്ന് കാണുന്ന ചോമ്പാല്‍ മിനി സ്റ്റേഡിയം നിലകൊള്ളുന്നത്. മുല്ലപ്പള്ളിയുടെ എം.പി ഫണ്ടുപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *