തിരുവനന്തപുരം: ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് കഴിഞ്ഞ ദിവസം കശ്മീരിനെ കുറിച്ച് കെ.ടി ജലീല്‍ എം.എല്‍.എ നടത്തിയത്. പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണത്. ഈ രാജ്യവിരുദ്ധപരാമര്‍ശം ബോധപൂര്‍വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ഒരു ഇന്ത്യക്കാരനും ആസാദ് കശ്മീരെന്ന് ഉപയോഗിക്കില്ല. പാക് അധിനിവേശ കശ്മീര്‍ എന്നാണ് എല്ലായിടത്തും നമ്മള്‍ പറയുന്നത്. എന്നാല്‍, ആസാദ് കശ്മീരെന്ന് പറയുന്നത് പാകിസ്താനാണ്. ഈ അവകാശവാദത്തെ അടിവരയിടുന്ന നിലപാടാണ് ജലീലിന്റേത്. അതുപോലെ നമ്മുടെ കശ്മീരിനെ ഇന്ത്യന്‍ അധീനകശ്മീരെന്ന് ഒരു ഇന്ത്യക്കാരന് എങ്ങനെ വിളിക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആസാദ് കശ്മീര്‍ എന്നത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലിട്ടതാണെന്നുള്ള ന്യായീകരണമാണ് കെ.ടി ജലീല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍, കോമയിടാതെയും പോസ്റ്റില്‍ വാക്ക് ആവര്‍ത്തിച്ചിട്ടുണ്ടെന്ന് ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നോക്കിയാല്‍ മനസിലാകു. അത് അറിവില്ലായ്മയാണോ മനഃപ്പൂര്‍വമാണോ പറഞ്ഞതെന്നും വി.ഡി സതീശന്‍ ചോദിച്ചു. നിരന്തരമായി വിവാദമുണ്ടാക്കി ശ്രദ്ധതിരിക്കുകയാണ് ഇപ്പോള്‍ സി.പി.എം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇത്തരം പരാമര്‍ശങ്ങളെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി ഇത് വ്യക്തമാക്കണെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.