സിവിൽ സ്റ്റേഷനിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു

സിവിൽ സ്റ്റേഷനിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു

യഥാർഥ്യമായത് ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ഏറെക്കാലത്തെ ആഗ്രഹം – തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ

കോഴിക്കോട്:ജോലിക്ക് പോവുമ്പോൾ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ ഏൽപ്പിക്കുക എന്ന ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ‘ക്രഷ്’ സംവിധാനത്തിലൂടെ നടപ്പിലായതെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഒരുക്കിയ ‘ക്രഷ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സൗകര്യം ആവശ്യമുള്ളവർ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.

സിവിൽ സ്റ്റേഷന്റെ ബി ബ്ലോക്കിൽ ഒന്നാം നിലയിലാണ് ക്രഷ് ഒരുക്കിയിരിക്കുന്നത്. ആറ് മാസം മുതൽ ആറ് വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള ഗവ. ഉദ്യോഗസ്ഥരായ ജീവനക്കാർക്ക് ക്രഷുകളുടെ സേവനം പ്രയോജനപ്പെടുത്താം. പകൽ സമയങ്ങളിൽ സുരക്ഷിതമായ പരിചരണം സാധ്യമാകും. സംസ്ഥാന സർക്കാരിന്റെ ‘തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രം’ പദ്ധതിയുടെ ഭാഗമായാണ് സിവിൽ സ്റ്റേഷനിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ക്രഷ് പ്രവർത്തനമാരംഭിച്ചത്. ശിശുക്ഷേമ സമിതിക്കാണ് നടത്തിപ്പ് ചുമതല.

രാവിലെ ഒൻപതര മുതൽ വൈകീട്ട് അഞ്ചര വരെയാണ് ക്രഷിന്റെ പ്രവർത്തനം. കുട്ടികളെ പരിപാലിക്കാനായി ഒരു വർക്കറിന്റെയും ഒരു ഹെൽപ്പറിന്റെയും സേവനം ഇവിടെ ലഭ്യമാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ക്രഷ് പ്രവർത്തിക്കില്ല.

ക്രഷിൽ ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശു സൗഹൃദ ഫർണിച്ചറുകൾ, പാചകത്തിനുള്ള പാത്രങ്ങൾ, ബ്രെസ്റ്റ് ഫീഡിങ് സ്പേസ്, തൊട്ടിലുകൾ, ബേബി മോണിറ്ററിങ് ഉപകരണങ്ങൾ, മെത്ത, കളിപ്പാട്ടങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനായി ക്രഷ് ഒന്നിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നതും അൻപതിലധികം ജീവനക്കാർ ഉള്ളതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷുകൾ ആരംഭിക്കുന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി. ഗവാസ്, കോർപറേഷൻ കൗൺസിലർ പ്രവൺ എം. എൻ, എ.ഡി.എം മുഹമ്മദ് റഫീഖ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി വി.ടി സുരേഷ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷൈനി.കെ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൽ ബാരി യു സ്വാഗതവും വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ഡോ.ലിൻസി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *