കോഴിക്കോട്:ഫയൽ തീർപ്പാക്കൽ യജ്ഞത്തിലൂടെ സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന നോർത്തേൺ സർക്കിളിലെ ഫയൽ തീർപ്പാക്കൽ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര പ്രദേശങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അർഹരായവർക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി നടന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ നോർത്തേൺ സർക്കിളിന്റെ പരിധിയിൽ ഉൾപെട്ട വിവിധ ഓഫീസുകളിൽ കുടിശ്ശികയായുള്ള 49462 ഫയലുകളിൽ 10394 എണ്ണം തീർപ്പാക്കി.
വേദിയിൽ ഗുണഭോക്താക്കൾക്കുള്ള ധനസഹായത്തിന്റെയും സേവനങ്ങളുടെയും വിതരണം മന്ത്രി നിർവ്വഹിച്ചു.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോയൽ തോമസ് അധ്യക്ഷനായി. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ വാടിയിൽ നവാസ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്. നരേന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് കൺസർവേറ്റർ ആന്റ് ടെക്‌നിക്കൽ അസിസ്റ്റന്റ് അജിത് കെ രാമൻ സ്വാഗതവും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ നന്ദിയും പറഞ്ഞു.