കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പഴശ്ശിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫെസ്റ്റിവല്‍ ഓഫ് ലിബര്‍ട്ടിയും ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്‌കാര വിതരണവും ഈ മാസം 14, 15, 16 തിയതികളില്‍ ടൗണ്‍ ഹാള്‍, ടാഗോര്‍ ഹാള്‍ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 14 ന് വൈകുന്നേരം നാല് മണിക്ക് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മ മുഖ്യാതിഥിയാകും.
ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, ടി.പി ദാസന്‍ , പി.കെ ഗോപി , പി.ജെ ജോഷ്വ, എം.ഫിറോസ് ഖാന്‍ , അഡ്വ.പി.കെ ശ്രീകുമാര്‍ സംബന്ധിക്കും. തുടര്‍ന്ന് നാടന്‍ പാട്ടുകള്‍, ആദിവാസി പാട്ടുകള്‍, മാപ്പിള പാട്ടുകള്‍, വടക്കന്‍ പാട്ടുകള്‍ എന്നിവ നടക്കും. 15 ന് വൈകുന്നേരം നാല് മണിക്ക് ടാഗോര്‍ ഹാളില്‍ നൃത്ത ദമ്പതികളായ ശ്രീകാന്ത് – അശ്വതി ശ്രീകാന്ത് എന്നിവരുടെ ക്ലാസിക്കല്‍ നൃത്തം, ഏഴ് മണിക്ക് പ്രശസ്ത മജിഷ്യന്‍ ആര്‍. കെ മലയത്ത് സീനിയറും മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരും ചേര്‍ന്ന് അവതരിപ്പിക്കുന്ന മജിക് ഷോ ‘ട്രൈ കളര്‍ മാജിക്ക്’ നടക്കും. 16 ന് രാവിലെ 10 മണിക്ക് ടാഗോര്‍ ഹാളില്‍ കര്‍ണ്ണാടിക് സംഗീതജ്ഞന്‍ ഈശ്വര്‍ ഭട്ടതിരിയുടെ സംഗീത കച്ചേരി, ഗ്രന്ഥ പ്രകാശാനം, ഉമ ഭട്ടതിരിപ്പാടിന്റെ മോഹനിയാട്ടവും നടക്കും. വൈകുന്നേരം നാല് മണിക്ക് പഴശ്ശിരാജ പുരസ്‌കാരം ഗായിക കെ.എസ് ചിത്രക്ക് , എം.ടി വാസുദേവന്‍ നായര്‍ സമ്മാനിക്കും.
ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, എം.എല്‍.എ മാരായ എം.കെ മുനീര്‍ , തോട്ടത്തില്‍ രവീന്ദ്രന്‍ , ഡോ.ഇസ്മയില്‍ സേഠ് എന്നിവര്‍ പങ്കെടുക്കും. ഏഴ് മണി മുതല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവും സാക്‌സ് ഫോണ്‍ വിദഗ്ദയുമായ എം.എസ് ലാവണ്യയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് ‘ക്വീന്‍സ് ബാന്റ്’ നടക്കും. തുടര്‍ വര്‍ഷങ്ങളിലും സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ട്രസ്റ്റിന്റെ പരിപാടികള്‍ ഉണ്ടാകുമെന്ന് ജനറല്‍ കണ്‍വീനര്‍ ജമാല്‍ ഫാറൂഖി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി ട്രസ്റ്റ് സ്വത്രന്ത്ര്യ ദിനാഘോഷം നടത്തും. അതിന് തുടക്കമിടുകയാണ് ഇത്തവണത്തെ പരിപാടിയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി.പി പ്രമോദ് കുമാറും പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി കാര്‍ത്തിക തിരുനാള്‍ എം.കെ രവിവര്‍മ്മ രാജ , ഡോ. മോഹന്‍, സി.രതീഷ് എന്നിവര്‍ പങ്കെടുത്തു.