ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസുകളിലെ വിചാരണയ്ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി. പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന സാഹചര്യം ഉണ്ടാകരുത്. പറ്റുമെങ്കില്‍ ഒറ്റ സിറ്റിംഗില്‍ തന്നെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണം. വിചാരണ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പീഡന കേസുകളില്‍ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ല. എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താന്‍. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ വിസ്താരത്തില്‍ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജെ.ബി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.