കോഴിക്കോട്: ഹൈലൈറ്റ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ വളര്‍ച്ചക്കും വിജയത്തിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ജീവനക്കാര്‍ക്ക് കമ്പനിയുടെ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ആഡംബരകാറുകള്‍ സമ്മാനമായി നല്‍കി. ഓഡി ക്യൂ 7, ബി.എം.ഡബ്ല്യു , വോള്‍വോ എക്‌സ് സീ 60 , ജീപ്പ് കോംപസ്സ്, ടാറ്റാ ഹാരിയര്‍ തുടങ്ങിയ കാറുകള്‍ ഉള്‍പ്പടെ 28 വാഹനങ്ങളാണ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ സമ്മാനമായി നല്‍കിയത്. കേരളത്തിലെ പ്രമുഖ കമ്പനികളിലൊന്നായ ഹൈലൈറ്റ് ഗ്രൂപ്പ്, ഹൈലൈറ്റ് എന്ന പേരില്‍ 1996ലാണ് സ്ഥാപിതമായത്. ഹൈലൈറ്റ് അതിവേഗം വളരുകയും കൊമേഴ്ഷ്യല്‍ , റെസിഡന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ്, ഹോം ഇന്റീരിയര്‍ സൊല്യൂഷനുകള്‍,വിദ്യാഭ്യാസം, എഫ് ആന്‍ഡ് ബി മുതലായ വിവിധ മേഖലകളിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു.
കേരളത്തിലെ ആദ്യത്തെ ഷോപ്പിങ് മാളായ ഫോക്കസ് മാള്‍, കേരളത്തിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായ ഹൈലൈറ്റ് മാള്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മിക്‌സഡ് യൂസ് ഡെവെലപ്‌മെന്റുകളില്‍ ഒന്നായ ഹൈലൈറ്റ് സിറ്റി, അത്യാധുനിക ഓഫിസ് സ്‌പേസുകള്‍ അടങ്ങുന്ന ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക്, കേരളത്തിലെ ഏക ഐബി കണ്ടിന്യുവം സ്‌കൂളായ ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയവ കമ്പനിയുടെ മികച്ച പ്രോജക്ടുകളില്‍ ചിലതാണ്.1000-ത്തിലധികം ജോലിക്കാരും 25000-ത്തിലധികം തൊഴിലാളികളുമുള്ള കമ്പനി, വിവിധ മേഖലകളിലേക്കായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, ഹൈലൈറ്റ് ഏറ്റവും പുതിയ റെസിഡന്‍ഷ്യല്‍ പ്രൊജക്ടായ ഒറ്റ ടവറില്‍ തന്നെ 526 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഹൈലൈറ്റ് ഒളിമ്പസ് പ്രഖ്യാപിച്ചിരുന്നു.