കോഴിക്കോട്: ആനകളോടുള്ള അടുപ്പം പ്രകൃതി സ്‌നേഹത്തിന്റെ ഭാഗമാണെന്നും മലയോര മേഖലയിൽ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വിനോയ് തോമസ് പറഞ്ഞു. ലോക ആന ദിനത്തിന് മുന്നോടിയായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഗജ് ഉത്സവ് കേരള മീഡിയ കോൺക്ലേവ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. കാട്ടാനകളുമായി ഉണ്ടായ നിരന്തര ബന്ധം അദ്ദേഹം അനുസ്മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതിയായ ആറളം ഫാമിലെ സ്‌കൂളിൽ അധ്യാപകനായിരുന്ന കാലത്ത് കാട്ടാന വന്നതും, അതിനെ തിരികെ കാട്ടിലേക്ക് കയറ്റി വിടാൻ ശ്രമിച്ചതും, നാട്ടാനയെ ഉപയോഗിച്ച് പിടിച്ച ചുള്ളിക്കൊമ്പനെ വലിയ മരക്കൂട്ടിലിട്ടിട്ടും ഇണങ്ങാതെ കാട്ടാനയായി തന്നെ മരിച്ചതും ആനകളെ കൂടുതൽ നിരീക്ഷിക്കാനിടയായി. ആനകളെ ആസ്പദമാക്കിയാണ് രാമച്ചിയും, ആന ത്തം പെരിയത്തം കഥകൾ എഴുതിയത്. മൃഗങ്ങളിൽ പ്രണയം കൂടുതലുള്ളത് ആനകൾക്കാണ്. ആന മാസങ്ങളോളം പ്രേമിക്കും.
പ്രകൃതിപക്ഷത്തെപ്പോലെ വിലയുള്ളതാണ് മനുഷ്യ ജീവനും. ആന ആളുകളെ അക്രമിച്ച് കൊല്ലുന്നു. വണ്ടിയിടിച്ച് ആളുകൾ മരിക്കുമ്പോൾ വണ്ടികൾ വേണ്ട എന്നാരെങ്കിലും പറയാറുണ്ടോ? എന്നദ്ദേഹം ചോദിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് കൈവശമുള്ള ഭൂമികളിൽ ഇന്ന് പലയിടത്തും കാർന്നോർമാർ മാത്രമാണുള്ളത്. മക്കൾ വിദേശത്തും. ഇവരീഭൂമികളെല്ലാം വിൽക്കുമ്പോൾ പിന്നീടത് ക്വാറികളായി മാറുകയാണ്. പല ദുരന്തങ്ങളും നമ്മളായിട്ടുണ്ടാക്കിയതാണ്.
കുടിയേറ്റ മേഖലയിലെ ജീവിതം പഠിക്കാതെ അന്തിമ നിലപാടുകൾ സ്വീകരിക്കരുത്. ഇ.സോമനാഥ് ആഴത്തിലുള്ള പഠനം നടത്തിയ മാധ്യമ പ്രവർത്തകനാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ല്യൂറ്റിഐ ഫൗണ്ടർ ട്രസ്റ്റി വിവേക് മേനോൻ അധ്യക്ഷത വഹിച്ചു. ഡബ്ല്യൂറ്റിഐ സീനിയർ അഡൈ്വസർ ഡോ.എൻ.വി.കെ അഷ്‌റഫ്, കൊച്ചി ബിനാലെ ഫൗണ്ടർ ബോണി തോമസ്, പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് റെജി ആർ.നായർ, ഡോ.ആനന്ദകുമാർ(സീനിയർ സയന്റിസ്റ്റ് എൻസിഎഫ്) അനർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസ്, ഡബ്ല്യൂറ്റിഐ ആനപാത പ്രൊജക്ടിന്റെ തലവനും മാനേജറുമായ ഉപാസന ഗാംഗുലി, മോഡറേറ്റർ സി.അബ്ദുൽ ബഷീർ സംസാരിച്ചു. ആനന്ദ ബാനർജി ചീഫ് കമ്മ്യൂണിക്കേഷൻസ് ഡബ്ല്യൂറ്റിഐ ജേണലിസം അവാർഡ് പ്രഖ്യാപനവും കേരളത്തിലെ ഗജ ഉത്സവ പരിപാടിയും നടത്തി. ഡബ്ല്യൂറ്റിഐ കോ-ഓർഡിനേറ്റർ സാജൻ ജോൺ സ്വാഗതവും, ഇ.സോമനാഥ് ഫൗണ്ടേഷൻ മെമ്പറും മനോരമ ബ്യൂറോ ചീഫുമായ ജയൻ മേനോൻ നന്ദിയും പറഞ്ഞു.