മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പോലിസ് അറിയിച്ചു. മംഗളൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവരെ കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്ത് ആയി. കേസില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റുണ്ടായത്.
കഴിഞ്ഞ ജൂലൈ 27 നാണ് കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് നെട്ടാരു സ്വദേശി പ്രവീണിനെ വെട്ടിക്കൊന്നത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു, സംഭവസ്ഥലത്ത് തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
മംഗളൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ. രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ചതിന്റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി.ജെ.പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി ആവര്‍ത്തിക്കുന്നത്. കേസ് എന്‍.ഐ.എയ്ക്ക് വിട്ടിരിക്കുകയാണ്.