പോസ്റ്റ് ഓഫിസ് പാഴ്‌സല്‍ പായ്ക്കിങ്: കുടുംബശ്രീയും പോസ്റ്റല്‍ വകുപ്പും ധാരണാപത്രം ഒപ്പുവച്ചു

പോസ്റ്റ് ഓഫിസ് പാഴ്‌സല്‍ പായ്ക്കിങ്: കുടുംബശ്രീയും പോസ്റ്റല്‍ വകുപ്പും ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: പാഴ്‌സല്‍ അയക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടി കുടുംബശ്രീയും പോസ്റ്റല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കം. മാസ്‌കോട്ട് ഹോട്ടലിലെ സൊനാറ്റ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, പോസ്റ്റല്‍ സര്‍വീസ് ഹെഡ് ക്വാര്‍ട്ടര്‍ ഡയരക്ടര്‍ കെ.കെ ഡേവിസ് എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി പോസ്റ്റല്‍ വകുപ്പ് ഏല്‍പ്പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാന്‍ കഴിയുന്ന കരുത്തുറ്റ ശൃംഖലയാണ് കുടുംബശ്രീയുടേതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന പുതിയ പദ്ധതി വഴി ഭാവിയില്‍ നൂറുകണക്കിന് വനിതകള്‍ക്ക് തൊഴില്‍ അവസരമൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമത്വവും സാമ്പത്തിക ഭദ്രതയും നേടാന്‍ സ്ത്രീകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേര്‍ന്നു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ പറഞ്ഞു. പോസ്റ്റല്‍ വകുപ്പിന്റെ പരിഗണനയിലുള്ള പുതിയ പദ്ധതികളില്‍ കുടുംബശ്രീക്ക് സാധ്യമാകുന്ന എല്ലാ മേഖലയിലും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം പറഞ്ഞു. പോസ്റ്റല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ ഷ്യൂലി ബര്‍മന്‍, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ കെ.വി വിജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫിസര്‍ ശ്രീകാന്ത് എ.എസ് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *