കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയില്‍ ദിലീപിന് നോട്ടീസയച്ച് ഹൈക്കോടതി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹരജി നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ വിചാരണ കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും അത് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും തെളിവുകളുണ്ടായിട്ടും വിചാരണ കോടതി അത് പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.
കേസിലെ ഏട്ടാം പ്രതിയാണ് ദിലീപ്. കര്‍ശന വ്യവസ്ഥകളോടെയാണ് കേസില്‍ 84 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിന്‍സണ്‍ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതിന് തെളിവുകളുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുംപ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടു.