കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് 17ാം തിയ്യതിവരെ മുന്‍ മന്ത്രി തോമസ് ഐസക്ക് ഹാജരാകേണ്ടെന്ന് ഹൈക്കോടതി. തോമസ് ഐസക്ക് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല സാക്ഷിയാണെന്നും തെളിവ് തേടാനാണ് വിളിപ്പിച്ചതെന്നും ഇ.ഡി അഭിഭാഷകന്‍ പറഞ്ഞു.
കിഫ്ബിക്ക് പണസമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതിലടക്കം കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ആരോപണം. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന നിലപാടാണ് ഐസക്കും സി.പി.എമ്മും സ്വീകരിച്ചത്.