കോഴിക്കോട്: ഒരുമയുടേയും അതിജീവനത്തിന്റേയും സന്ദേശം വിളിച്ചോതി 14ാമത് സില്‍വര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 12 മുതല്‍ 15 വരെ പാറോപ്പടിയിലുള്ള സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഫാ. ബിജുജോണ്‍ വെള്ളക്കടയും അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഫാ. അഗസ്റ്റിന്‍ കെ.മാത്യുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് രാവിലെ 11 മണിക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോം മുഖ്യാതിഥിയായിരിക്കും. സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ.ഫാ. തോമസ് തെക്കേല്‍ സി.എം.ഐ അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഫെനിഷ സന്തോഷ്, കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശശിധരന്‍.സി, ജില്ലാ പ്രസിഡന്റ് ജോസ് സെബാസ്റ്റിയന്‍, സെക്രട്ടറി ജോണ്‍സന്‍ ജോസഫ് ആശംസകള്‍ നേരും.
ആദ്യമത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് കോഴിക്കോട്, ഡോണ്‍ബോസ്‌കോ ഇരിഞ്ഞാലക്കുടയെ നേരിടും. ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ 21 ടീമുകള്‍ പങ്കെടുക്കും. 15 സ്‌കൂള്‍ ആണ്‍കുട്ടികളുടേയും ആറ് സ്‌കൂളുകള്‍ പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ മത്സരിക്കും. ആഗസ്റ്റ് 15ന് നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം ഉച്ചക്ക് എം.കെ രാഘവന്‍ എം.പി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. നാളെ രാവിലെ 11 മണിക്ക് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനില്‍നിന്ന് സ്‌കൂള്‍വരെ അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുക്കുന്ന വിളംബര ഘോഷയാത്ര നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജോസ് സെബാസ്റ്റിയന്‍, പി.ടി.എ പ്രസിഡന്റ് ജോര്‍ജ് കെ.ജെ, മീഡിയാ മാനേജര്‍ അനീഷ്.കെ.എല്‍, ഗോപേഷ്.ബി എന്നിവര്‍ സംബന്ധിച്ചു.