വടകര: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും ഭയന്നു പിന്മാറിയവരും ഇപ്പോള്‍ അതിന്റെ അവകാശികളായി രംഗപ്രവേശം ചെയ്യുന്നതിലൂടെ പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി സുനില്‍ മടപ്പള്ളി പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാന്‍ ആര് ശ്രമിച്ചാലും ജനം സമ്മതിക്കില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേടിയെടുത്ത സ്വാതന്ത്ര്യം അംഗീകരിക്കാതെ മാറി നിന്നവര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുനില്‍ മടപ്പള്ളി പറഞ്ഞു. കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യദിന വാരാഘോഷം വടകര ഗാന്ധി പ്രതിമയ്ക്ക് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര രക്ഷാ പ്രതിജ്ഞ സുനില്‍ മടപ്പള്ളി ചൊല്ലിക്കൊടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ഷെഹനാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍.പി രവീന്ദ്രന്‍, ജില്ലാ ട്രഷറര്‍ റാഫി ടി.കായക്കൊടി, സെക്രട്ടറി സജിത്ത് മാരാര്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത്, ലത്തീഫ് കല്ലറയില്‍, വി.ആര്‍ ഉമേശന്‍ മാസ്റ്റര്‍, ബിജുല്‍ ആയാടത്തില്‍, മോഹനന്‍ കുരിയാടി, ബാബു ബാലവാടി എന്നിവര്‍ പ്രസംഗിച്ചു.