ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍, നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍

ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍, നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് പഠിക്കാതെ ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസ്സാക്കാന്‍ നിയമസഭ കൂടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം സഭ ചേര്‍ന്ന് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി. രാജീവ് അറിയിച്ചു. ഗവര്‍ണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തില്‍ നേരത്തെ ആക്കിയതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണമെങ്കിലും പെട്ടെന്ന് സഭ ചേരാനുള്ള തീരുമാനം ഗവര്‍ണറെ അനുനയിപ്പിക്കാനാണെന്ന് വ്യക്തമാണ്.

രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ് ഭവന്‍ ഇതുവരെ സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടുമില്ല. അത് കൊണ്ട് പുതുക്കി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരുന്നത്. നേരത്തെ ഒക്ടോബറില്‍ സഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. നിയമസഭ ബില്‍ പാസ്സാക്കിയാലും ഗവര്‍ണര്‍ അനുമതി നല്‍കണമെന്നുള്ളതാണ് അടുത്ത കടമ്പ. ഒരിക്കല്‍ ഒപ്പിട്ട ഓര്‍ഡിനന്‍സില്‍ വീണ്ടും ഒപ്പിടാന്‍ എന്തിനാണ് സമയമെന്നൊക്കെ നിയമമന്ത്രിയുടെ വിമര്‍ശനമൊക്കെ തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *