ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ 12ാമത് ഇന്റര്‍നാഷണല്‍ ഹൈക്കു അമേച്ചര്‍ ലിറ്റല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 53 മത്സര ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ലഭ്യമായ 97 ചിത്രങ്ങളില്‍ നിന്നാണ് ഈ 53 ചിത്രങ്ങള്‍ പ്രാഥമിക സ്‌ക്രീനിംഗ് കമ്മിറ്റി തിരഞ്ഞെടുത്തത്.അഞ്ചുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാഫ് (HALF) വിഭാഗത്തില്‍ 41 ചിത്രങ്ങളും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തില്‍ 12 ചിത്രങ്ങളുമാണ് മത്സരിക്കുന്നത്.
പാലക്കാട് ലയണ്‍സ് സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വച്ച് സെപ്റ്റംബര്‍ 10, 11 തിയതികളിലായി നടക്കുന്ന മേളയില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സെപ്റ്റംബര്‍ 11ന് നടക്കുന്ന സമാപനയോഗത്തില്‍ സമ്മാനവിതരണം നടത്തുകയും ചെയ്യും. ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളേയും ചലച്ചിത്രപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേളയുടെ പ്രത്യേകതയാണ്.
HALF വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിക്കും. പ്രശസ്ത ശില്‍പി വി. കെ. രാജന്‍ രൂപകല്‍പന ചെയ്ത ശില്‍പവും, 50000 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അഞ്ചു പേര്‍ക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സമ്മാനിക്കും.
MINUTE വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് ലഭിക്കും. ചെയ്ത ശില്‍പവും പതിനായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ്.
പതിവുപോലെ മുന്‍നിര ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ഈ ചിത്രങ്ങളെ വിലയിരുത്തി അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്. മത്സര ചിതങ്ങള്‍ക്കു പുറമെ മത്സരേതര വിഭാഗത്തില്‍ പത്തോളം ഹ്രസ്വ ചിത്രങ്ങളും 25 ഹൈക്കു ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഈ മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഓഗസ്റ്റ് 25 ന് മുന്‍പായി വെബ്‌സൈറ്റിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www .insightthecreativegroup.com എന്ന വെബ് സൈറ്റിലൂടെയോ 9446000373 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.