കോഴിക്കോട്: മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മ്യൂസിയത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയം മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കോര്‍പറേഷന്റെ പങ്കാളിത്തത്തോടെ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നിര്‍വഹിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ ഓര്‍മയ്ക്കായി ചരിത്ര ഗവേഷണ ലൈബ്രറി ഒരുക്കും. സ്മാരകത്തില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍ സംരക്ഷിക്കുന്നതിന് പുരാരേഖാ വകുപ്പിനേയും മറ്റു വസ്തുക്കള്‍ സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പിനെയും ചുമതലപ്പെടുത്തും. മ്യൂസിയത്തിന്റെ മേല്‍നോട്ടത്തിനായുള്ള മാനേജിങ് കമ്മിറ്റി പുതുക്കാനും തീരുമാനിച്ചു. മാനേജിങ് കമ്മിറ്റി യോഗം ആഗസ്റ്റ് 19ന് മൂന്ന് മണിക്ക് മ്യൂസിയത്തില്‍ ചേരും.
യോഗത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ഒ.പി ഷിജിന, പി.ദിവാകരന്‍, പി.സി രാജന്‍, ഡോ. എസ്.ജയശ്രീ, പി.കെ. നാസര്‍, സബ് കലക്ടര്‍ വി.ചെല്‍സസിനി, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, മുന്‍ എം.എല്‍. എ എ.പ്രദീപ് കുമാര്‍, മാനേജിങ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി കൂടിയായ പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ടി ശേഖര്‍, കോര്‍പറേഷന്‍ സെക്രട്ടറി കെ.യു.ബിനി, കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ എം.എസ് ദിലീപ്, പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ.കൃഷ്ണരാജ്, പി.ആര്‍.ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പുത്തൂര്‍ മഠം ചന്ദ്രന്‍, മൊയ്തു മൗലവി ട്രസ്റ്റ് പ്രതിനിധി ഇ.കെ. ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.