പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

തൃശൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയുമായി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ നീട്ടി. ഒരു വര്‍ഷത്തേക്കാണ് നീട്ടിയിരിക്കുന്നത്. നിയമന വിവാദം തുടരുന്ന സാഹചര്യത്തിലാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവി നീട്ടിയത്. നിലവില്‍ കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് പ്രിയ. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ലഭിച്ചാല്‍ പ്രിയയ്ക്ക് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ നിയമനം കിട്ടും.

പ്രിയയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ചത് വിവാദമായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ചട്ടലംഘനമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി. സര്‍വകലാശാല വി.സിയുടെ ഭാഗത്ത് നിന്ന് സ്വജനപക്ഷപാതം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

ഈ പരാതിയെ തുടര്‍ന്നാണ് വിശദീകരണം തേടിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 27നാണ് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് നിയമിതയായത്. വി.സിയുടെ കാലാവധി നീട്ടുന്നതിനുമുന്‍പ് അഭിമുഖം നടത്തി പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സര്‍വകലാശാല നിയമന ഉത്തരവ് ഇറക്കിയിരുന്നില്ല. യു.ജി.സി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ പ്രിയവര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്.

പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സി ആയി പുനര്‍നിയമനമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. യു.ജി.സി റെഗുലേഷന്‍ പൂര്‍ണമായും അവഗണിച്ച് പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള നടപടി തടയണം എന്ന് ആവശ്യവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനവും നല്‍കിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *