പ്രത്യേക നിയമസഭാ സമ്മേളനം പ്രായോഗികമല്ല; പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി

പ്രത്യേക നിയമസഭാ സമ്മേളനം പ്രായോഗികമല്ല; പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗസ്റ്റ് 14ന് രാത്രി യോഗം ചേരുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രത്യേക സമ്മേളനം ചേരാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവിന് മറുപടി കത്തും നല്‍കി.

14ന് അര്‍ധരാത്രിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസമോ പ്രത്യക സമ്മേളനം ചേരണമെന്നാണ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടത്. സ്പീക്കര്‍ എം.ബി രാജേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് സതീശന്‍ കത്തയച്ചത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വാതന്ത്ര്യത്തിന്റെ 25ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവര്‍ണറുടെ സാന്നിധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും 40ാം വാര്‍ഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിങ് നടത്തിയതും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഓഗസ്റ്റ് 14 അര്‍ധരാത്രിയില്‍ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേരണമെന്നും വി. ഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *