നടുവണ്ണൂര്‍: കാവുന്തറയിലെ വോളിബോള്‍ അക്കാദമി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു. കെട്ടിടത്തില്‍ ഇനി നടത്താനുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. കെട്ടിടത്തിനുള്ളില്‍ ബാക്കിയുള്ള പ്രവൃത്തികളും ഗേറ്റ്, ചുറ്റുമതില്‍, ഓപ്പണ്‍ ഗ്രൗണ്ട് തുടങ്ങിയ നിര്‍മാണങ്ങളും സെപ്റ്റംബര്‍ അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വലിയ ടൂര്‍ണമെന്റുകള്‍ നടത്തുന്ന നിലയിലേക്ക് അക്കാദമി ഉയര്‍ന്ന് വരണമെന്ന് മന്ത്രി പറഞ്ഞു. ഗേറ്റ് സ്ഥാപിക്കാനുള്ള തുക എം.എല്‍.എ ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് അഡ്വ. കെ. എം സച്ചിന്‍ ദേവ് അറിയിച്ചു. മേപ്പിള്‍ വുഡ് ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ തറയുടെ പ്രവൃത്തി നടത്തുക.
സ്പോര്‍ട്സ് കൗണ്‍സില്‍, ട്രസ്റ്റ് എന്നിവര്‍ക്കാണ് നടത്തിപ്പ് ചുമതല. കാവുന്തറ തെങ്ങിട പ്രദേശത്ത് വോളിബോള്‍ അക്കാദമി ട്രസ്റ്റിന്റെ 75 സെന്റ് സ്ഥലത്ത് 10.63 കോടി രൂപ ചെലവിലാണ് അക്കാദമി സ്ഥാപിച്ചത്. ഡോര്‍മെട്രി, ഇന്‍ഡോര്‍ സ്റ്റേഡിയം, കോണ്‍ഫറന്‍സ് ഹാള്‍, കാന്റീന്‍, ശുചിമുറികള്‍ തുടങ്ങിയവയാണ് നിര്‍മിച്ചിട്ടുള്ളത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്. 100 കായിക വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പരിശീലനം നടത്താന്‍ കഴിയുന്ന രീതിയിലാണ് അക്കാദമി. യോഗത്തില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ മാസ്റ്റര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എസ്. സുലൈമാന്‍, വൈസ് പ്രസിഡന്റ് ഡോ.റോയ് ജോണ്‍, ജനപ്രതിനിധികള്‍, ട്രസ്റ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.