ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് അസാധുവായി. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകളുടെ കാലാവധി. ഇവ നീട്ടാനുള്ള ഉത്തരവില്‍ ഗവര്‍ണര്‍ രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. രാത്രി വൈകി ഒപ്പിട്ടാല്‍ വിജ്ഞാപനം ഇറക്കാനുള്ള സജ്ജീകരണവും സര്‍ക്കാര്‍ നടത്തിയിരുന്നു. നിയമസഭയിലൂടെയാവണം നിയമ നിര്‍മാണം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാവൂ എന്നുമാണ് ഗവര്‍ണരുടെ നിലപാട്. ഓര്‍ഡിനന്‍സ് ഭരണം അഭികാമ്യമല്ല. പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. ഓര്‍ഡിനന്‍സുകള്‍ നിയമസഭയില്‍ എത്താത്തതില്‍ നേരത്തെ ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നു.

ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ, ഇവ നിലവില്‍ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന നിയമം എന്തായിരുന്നുവോ അതാണ് നിലനില്‍ക്കുക. സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണം വേണ്ട. ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ അവ പഠിക്കാന്‍ സമയം വേണം. കൃത്യമായ വിശദീകരണവും വേണം, ഒരുമിച്ച് തന്ന് തിരക്കുകൂട്ടേണ്ടതില്ലെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒക്ടോബറില്‍ നിയമനിര്‍മ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജണ്ട ബജറ്റ് ചര്‍ച്ച മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ഈ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *