കോഴിക്കോട്: കോര്‍പറേഷന്റെ പഴയ ഓഫിസ് കെട്ടിടം പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോര്‍പറേഷനില്‍ മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എസ്റ്റിമേറ്റ് തയാറാക്കി ഫണ്ട് വകയിരുത്തി പ്രവൃത്തി നടത്തുന്നതിന് പുരാവസ്തു വകുപ്പ് നടപടി സ്വീകരിക്കും. മ്യൂസിയം സജ്ജീകരണത്തിന്റെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി കോര്‍പറേഷന്‍ കേന്ദ്ര-സാംസ്‌കാരിക വകുപ്പിന് സമര്‍പ്പിക്കും.
പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കേരള മ്യൂസിയത്തെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, വിവിധ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ഒ.പി. ഷിജിന, പി.ദിവാകരന്‍, പി.സി.രാജന്‍, ഡോ എസ്.ജയശ്രീ, പി.കെ നാസര്‍, സബ് കലക്ടര്‍ വി.ചെല്‍സസിനി, പുരാവസ്തു വകുപ്പ് ഡയരക്ടര്‍ ഇ. ദിനേശന്‍, മുന്‍ എം.എല്‍.എ പ്രദീപ് കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി കെ.യു. ബിനി, കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.എസ്. ദിലീപ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.