കോഴിക്കോട്: സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകളും മുറിവുകള്‍ക്കും മറ്റും നല്‍കേണ്ട പ്രാഥമിക ചികിത്സാ രീതികള്‍ വിവരിച്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. കോഴിക്കോട് നഗരത്തിലെ 19 വിദ്യാലയങ്ങളില്‍ നിന്നും 34 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ ‘മാനേജ്‌മെന്റ് ഓഫ് മെഡിക്കല്‍ എമര്‍ജന്‍സീസ് ഇന്‍ സ്‌കൂള്‍’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
അധ്യാപകര്‍ക്കായി ഇതാദ്യമായാണ് ഇങ്ങനെ ഒരു പരിശീലന പരിപാടി നടത്തുന്നതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ അധ്യാപകരെ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പ്രാപ്തരാക്കുന്ന രീതിയിലുള്ള പരിശീലനമാണ് നല്‍കിയെതന്നും ക്യാമ്പിന് നേതൃത്വം വഹിച്ച ആസ്റ്റര്‍ മിംസ് പീടിയാട്രിക് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വിജയന്‍ എ.പി പറഞ്ഞു. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ആസ്റ്റര്‍ മിംസിന് വേദി ഒരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ സ്‌കൂളുകള്‍ക്കും ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തു.