10 ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

10 ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് ഉയരുകയാണ്. പത്ത് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പെരിയാറിലേക്ക് ഒഴുക്കും. ഇതേതുടര്‍ന്ന് പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിലവില്‍ 138 അടിയാണ് ഡാമിലെ ജലനിരപ്പ്.

ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. അതിനാല്‍ ഡാമില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാല്‍ ജലനിരപ്പ് വീണ്ടും ഉയരും. അടിയന്തരമായി ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചത്. ആലുവ, പെരിയാര്‍ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മൂന്ന് ഘട്ടങ്ങളിലായാണ് മുല്ലപ്പെരിയാറിലെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് 137 അടി കടന്നതോടെയായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് താമസിപ്പിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മൂന്ന് മണിയോടെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *