കോഴിക്കോട്: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കുടുംബശ്രീയും. ഓഗസ്റ്റ് 13 മുതല്‍ 15 വരെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള 30 ഓളം തയ്യല്‍ യൂണിറ്റുകളിലെ 250 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ പതാക നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു.ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളിലൂടെ രണ്ടര ലക്ഷത്തോളം പതാകകള്‍ നിര്‍മിക്കും.
സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും.