കോഴിക്കോട്: വ്യവസായ-വാണിജ്യ മേഖലകളില്‍ സൃഷ്ടിപരമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും അതിന്റെ ഗുണഫലം കണ്ടുവരുന്നുണ്ടെന്നും വ്യവസായ-വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സേവനമേഖലയില്‍ മുന്നേറ്റമുണ്ടെങ്കിലും ഉല്‍പ്പാദന-വിപണന മേഖലയില്‍ ഇനിയും വളര്‍ച്ച കൈവരിക്കാനുണ്ട്. ഭൂമിലഭ്യതക്കുറവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, മൂലധന ചിലവിന്റെ പരിമിതി എന്നിവയുണ്ടെങ്കിലും ഇതെല്ലാം മറികടന്ന് വ്യവസായ വികസനത്തിന് അടിസ്ഥാന വികസന സൗകര്യമൊരുക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. രാജ്യത്ത് വ്യവസായ വികസനത്തില്‍ നമ്മളിപ്പോള്‍ 15ാം സ്ഥാനത്തെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ആദ്യ പത്തിലെത്തും. സ്റ്റാര്‍ട്ടപ്പുകളും ബിസിനസ് നിക്ഷേപവും കൂടിവരുന്നുണ്ട്. വ്യവസായങ്ങള്‍ക്ക് പ്രതിബന്ധമാകുന്ന കഴിഞ്ഞകാല നിയമങ്ങള്‍ പൊളിച്ചെഴുതുകയും നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍ സഹായവും വന്‍കിട സംരംഭകരുടെ പ്രോജക്ടുകള്‍ക്ക് സേവനം നല്‍കാന്‍ സ്‌പെഷ്യല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസായ സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 100000 സംരംഭങ്ങളില്‍ 48,000 യാഥാര്‍ഥ്യമായി കഴിഞ്ഞു. 10 ഏക്കറില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് 30ലക്ഷം മുതല്‍ മൂന്നുകോടി രൂപവരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പഞ്ചായത്തുകളിൽ സംരംഭകരെ കണ്ടെത്താന്‍ 1500 എം.ബി.എക്കാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 38ഓളം ബാങ്കുകള്‍ സര്‍ക്കാരിന്റെ സബ്‌സിഡികളുമായി സഹകരിക്കുന്നുണ്ട്. സംരംഭകര്‍ക്ക് നാല് ശതമാനം പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാണ്. മാവൂരില്‍ വ്യത്യസ്ത പ്രോജക്ടുകള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഏറ്റവും മികച്ച പ്രോജക്ടാണ് പരിഗണിക്കുന്നത്. ഓരോ പഞ്ചായത്തുകളിലും പ്രോഡക്ടുകൾ ഉണ്ടാക്കുക എന്നതും ലക്ഷ്യമിടുന്നു. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ലാഭത്തിലെത്തിയിട്ടുണ്ട്. കെ.എം.എം.എല്‍ ഉം മലബാര്‍ സിമന്റും ലാഭത്തിലാണ്. തൊഴില്‍ദായകര്‍ മനുഷ്യരെ സഹായിക്കുന്നവരാണെന്ന സങ്കല്‍പ്പം ഉണ്ടായിട്ടുണ്ട്. വ്യവസായ വാണിജ്യ വികസനത്തിന് മലബാർ ചേംബര്‍ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് എം. നിത്യാനന്ദ കമ്മത്ത് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് മെമ്പര്‍ പോള്‍ വര്‍ഗീസ് നിവേദനം നല്‍കി. എം ഖാലിദ്, എം.നിത്യാനന്ദ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. ഹോ: സെക്രട്ടറി എം.എ മെഹമൂബ് നന്ദി പറഞ്ഞു.