തലശ്ശേരി:മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ നിന്ന് ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ തലശേരി ടി.സി മുക്കിലെ പുതിയമാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (98) നിര്യാതയായി. പരേതരായ വാഴയില്‍ ഒ.വി അബ്ദുല്ലയുടെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ വി.ആര്‍ മായന്‍ ഹാജി. മക്കള്‍: ആയിശ, അബ്ബാസ് (ഷാര്‍ജ), പരേതരായ മശൂദ്, സാറ. മരുമക്കള്‍: പരേതനായ പി.എം മമ്മൂട്ടി, സാഹിദ, ഖാദര്‍ ഇല്ലിക്ക, മഹിജ.സഹോദരങ്ങള്‍: പരേതരായ പി.സി കുട്ടിയമ്മു, പി.സി മഹമൂദ്, ടി.സി മായനലി, നബീസ. സ്റ്റേഡിയം പള്ളി ചിറക്കര അയ്യലത്ത്പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം. മറിയുമ്മയുടെ സഹോദരി പുത്രിയാണ് തലശേരി നഗരസഭാ മുന്‍ അധ്യക്ഷ ആമിനാ മാളിയേക്കല്‍ ദേശീയ വാദികളും കേരളത്തിലെ പ്രമുഖ വനിതാ നേതാക്കളുമായ സി.കെ.രേവതിയമ്മ, ചിന്നമ്മാളുവമ്മ, എ.വി.കുട്ടിമാളു അമ്മ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മറിയുമ്മക്ക് അവസരമുണ്ടായിട്ടുണ്ട്.
മാളിയേക്കല്‍ മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവുകയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ, മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.