ഇടുക്കി: ഇടുക്കി ഡാം നാളെ തുറക്കുമെന്ന് അധികൃതര്‍. ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ നിന്നും ഉയരുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനിക്കുന്നത്.
രാവിലെ പത്തുമണിയോടെ ഡാം തുറക്കുമെന്നും 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുകയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിലെ ജലനിരപ്പ് 2382.88 അടിയാണ്. അര അടി കൂടി ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് പരിധിയിലെത്തും. ഡാം തുറക്കുന്നതിനെ തുടര്‍ന്ന്് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
കൂടുതല്‍ വെള്ളം തുറന്നുവിടുന്ന കാര്യം ആലുവ പെരിയാറിലെ ജലനിരപ്പ് കൂടി കണക്കിലെടുത്തു മാത്രമേ തീരുമാനിക്കൂ. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും എത്തുകയാണ്. ഇതേ തുടര്‍ന്ന് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.