നാദാപുരം: പഞ്ചായത്തിലെ കല്ലാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ത്രിഷ്‌ന ഫൂട്ട് വെയര്‍ എന്ന സ്ഥാപനത്തിനെതിരേ ഉപയോഗശൂന്യമായ ചെരുപ്പുകള്‍ റോഡരികില്‍ അലക്ഷ്യമായി തള്ളിയതിന് സ്ഥാപന ഉടമക്ക് നോട്ടീസ് നല്‍കുകയും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബുവിന്റെ ഫീല്‍ഡ് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ആണ് പിഴ ചുമത്തിയത്, തുക ഉടമ പഞ്ചായത്തില്‍ അടച്ചു. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ സേന മുഖേന അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നിലവില്‍ പഞ്ചായത്ത് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ സ്ഥാപനങ്ങളും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൈമാറേണ്ടതാണെന്നും അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. വ്യപാര സ്ഥാപനങ്ങളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നതിന് കല്ലാച്ചി ടൗണ്‍ ,പഞ്ചായത്ത് ഓഫിസ് പരിസരം എന്നിവിടങ്ങളില്‍ രണ്ട് പുതിയ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (MCF ) അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്നതാണ്.