കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി: മന്ത്രി റിപ്പോര്‍ട്ട് തേടി; വിശദാംശങ്ങള്‍ ഇന്നു തന്നെ അറിയിക്കാന്‍ നിര്‍ദേശം

കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി: മന്ത്രി റിപ്പോര്‍ട്ട് തേടി; വിശദാംശങ്ങള്‍ ഇന്നു തന്നെ അറിയിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചതില്‍ വിശദീകരണം തേടി ഗതാഗത മന്ത്രി ആന്റണി രാജു. സി.എം.ഡി ബിജു പ്രഭാകറില്‍ നിന്നാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വ്യാപകമായി കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ ഓടിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാളെ (ഞായറാഴ്ച) ഓര്‍ഡിനറി സര്‍വീസുകള്‍ ഉണ്ടാകില്ലെന്നും കെ.എസ്.ആര്‍.ടി.സി ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.

139 കോടിയാണ് ഡീസല്‍ അടിച്ച വകയില്‍ കെ.എസ്.ആര്‍.ടി. സി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ആഴ്ച മാത്രം ഈ ഇനത്തില്‍ നല്‍കാനുള്ളത് 13 കോടി രൂപയും. ക്ഷാമം രൂക്ഷമായതോടെ വടക്കന്‍ ജില്ലകളിലെ മിക്ക ഡിപ്പോകളിലും സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സ്വകാര്യ പമ്പുകളില്‍ നിന്ന് ദൈനംദിന ആവശ്യത്തിന് ഇന്ധനം നിറച്ച് ഓടാനുള്ള അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം എങ്കിലും ഇത് എത്ര കണ്ട് പ്രാവര്‍ത്തികമാകുമെന്നതില്‍ ആശങ്ക ഉയരുന്നുണ്ട്.

അതേസമയം ഡീസല്‍ ക്ഷാമത്തില്‍ മാനേജ്‌മെന്റിനെ കുറപ്പെടുത്തുകയാണ് തൊഴിലാളി യൂണിയനുകള്‍. ആവശ്യത്തിന് ഡീസല്‍ സൂക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു. പ്രതിപക്ഷ യൂണിയനുകളും മാനേജ്‌മെന്റിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ജൂണ്‍ മാസത്തെ ശമ്പള വിതരണം കെ.എസ്.ആര്‍.ടി.സി പൂര്‍ത്തിയാക്കി. ഈ മാസം ശമ്പളം നല്‍കുന്നതിനായി 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെ.എസ്.ആര്‍.ടി.സി എം.ഡി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *