- തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ 10ന് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക. രാത്രിയോടെ ഫലപ്രഖ്യാപനവും നടന്നേക്കും. എന്‍.ഡി.എയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷമുന്നണിയിലെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ത്ഥികള്‍.
നിലവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും. ഇതേ തുടര്‍ന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച മുതല്‍ ചുമതലയേല്‍ക്കും.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടര്‍മാര്‍. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍പേഴ്സണ്‍. അതേസമയം തൃണമൂല്‍കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ലോക്‌സഭയിലും രാജ്യസഭയിലുമായി 36 എം.പിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് മാര്‍ഗരറ്റ് ആല്‍വയ്ക്ക് തിരിച്ചടിയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
എന്‍.ഡി.എ ഇതര കക്ഷികളായ ബി.എസ്.പി, വൈ.എസ്.ആര്‍.സി, ബി.ജെ.ഡി എന്നിവയുടെ പിന്തുണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജഗദീപ് ധന്‍കറിനുണ്ട്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബി.ജെ.പിക്ക് മാത്രമായി ലോക്സഭയില്‍ 303ഉം രാജ്യസഭയില്‍ 91ഉം അംഗങ്ങളുണ്ട്.